നഷ്ടപ്പെടുത്തിയത് രണ്ട് പെനാൽറ്റികൾ, വഴങ്ങിയത് സമനില, റാമോസിനെ പറ്റി എൻറിക്വേ പറയുന്നു !

ഇന്നലെ സ്വിറ്റ്സർലാന്റിനെതിരെ നടന്ന മത്സരത്തിൽ 1-1 നായിരുന്നു കരുത്തരായ സ്പെയിൻ സമനില വഴങ്ങിയത്. മത്സരത്തിൽ സ്വിറ്റ്സർലാന്റ് ലീഡ് നേടിയെങ്കിലും അവസാനനിമിഷം മൊറീനോ കാളക്കൂറ്റൻമാർക്ക് സമനില നേടികൊടുക്കുകയായിരുന്നു. എന്നാൽ നായകൻ സെർജിയോ റാമോസ് രണ്ട് പെനാൽറ്റികൾ പാഴാക്കിയത് സ്പെയിനിന് തിരിച്ചടിയാവുകയായിരുന്നു. തുടർച്ചയായി ഇരുപത്തിയഞ്ച് പെനാൽറ്റികൾ ലക്ഷ്യം കണ്ട ശേഷമായിരുന്നു റാമോസിന് ഒരു മത്സരത്തിൽ തന്നെ രണ്ട് പെനാൽറ്റികൾ നഷ്ടമായത്. എന്നാൽ താരത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് പരിശീലകൻ. റാമോസിനെ വിമർശിക്കേണ്ട ആവിശ്യമില്ലെന്നും മത്സരത്തിൽ മൂന്നോ നാലോ പെനാൽറ്റികൾ ലഭിച്ചാലും അത് റാമോസ് തന്നെ എടുക്കുമായിരുന്നുവെന്നുമാണ് ലൂയിസ് എൻറിക്വ അറിയിച്ചത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരിശീലകൻ.

” സെർജിയോ റാമോസിനെ ഇതിന്റെ പേരിൽ വിമർശിക്കുക എന്നുള്ളത് ഒട്ടും യോജിക്കാനാവാത്ത കാര്യമാണ്. ഈ മത്സരത്തിൽ മൂന്നോ, നാലോ ഇനി അതിന് മുകളിലോ പെനാൽറ്റികൾ ലഭിച്ചിരുന്നുവെങ്കിലും അതെല്ലാം തന്നെ റാമോസ് എടുക്കുമായിരുന്നു. ഞങ്ങൾക്ക്‌ പെനാൽറ്റി ടേക്കർമാരുടെ ഒരു ലിസ്റ്റ് തന്നെയുണ്ട്. എന്നാൽ അതിന്റെ തലപ്പത്ത് നിൽക്കുന്നത് സെർജിയോ റാമോസാണ്. അദ്ദേഹം കളത്തിൽ ഉണ്ടാവുമ്പോൾ പെനാൽറ്റി എടുക്കാൻ അദ്ദേഹത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹം തന്നെ എടുക്കുകയും ചെയ്യും. അദ്ദേഹം തുടർച്ചയായ ഇരുപത്തിയഞ്ച് പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച താരമാണ്. അതുകൊണ്ട് തന്നെ ഞങ്ങളൊരിക്കലും അദ്ദേഹത്തെ വിമർശിക്കാൻ പോവുന്നില്ല ” എൻറിക്വ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!