ചാവി പുറത്തേക്ക് തന്നെ, പകരം വരുന്നത് ഹാൻസി ഫ്ലിക്ക്!

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവിയുമായി ബന്ധപ്പെട്ട് ഈയിടെ സംഭവിച്ച വിവാദങ്ങൾ എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധിയെ പഴിചാരി കൊണ്ട് ചാവി സംസാരിച്ചത് പ്രസിഡണ്ട് ലാപോർട്ടക്ക് ഒട്ടും പിടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ചാവിയെ പുറത്താക്കാൻ ബാഴ്സ തീരുമാനിക്കുകയായിരുന്നു.ആ തീരുമാനങ്ങളിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ലീഗിലെ അവസാന മത്സരത്തിനുശേഷം ചാവിയെ ബാഴ്സ പുറത്താക്കും എന്നാണ് റിപ്പോർട്ടുകൾ.മാത്രമല്ല അവർ പകരക്കാരനെ കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. മുൻപ് ബയേണിനേയും ജർമനിയേയുമൊക്കെ പരിശീലിപ്പിച്ച ഹാൻസി ഫ്ലിക്ക് ബാഴ്സയുടെ പുതിയ പരിശീലകനായി വരുമെന്നാണ് റിപ്പോർട്ടുകൾ. ബാഴ്സ അദ്ദേഹത്തെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്ന് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാഴ്സയുടെ പ്രതിനിധികളും ഹാൻസി ഫ്ലിക്കും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബാഴ്സലോണയിലേക്ക് വരാൻ വളരെയധികം താല്പര്യമുള്ള പരിശീലകനാണ് ഫ്ലിക്ക്. അദ്ദേഹം ബാഴ്സക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നാണ് റൊമാനോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതായാലും ഫ്ലിക്ക് ബാഴ്സയുടെ പുതിയ പരിശീലകനായി ചുമതലയേൽക്കുന്നതിന്റെ വക്കിലെത്തിക്കഴിഞ്ഞിട്ടുണ്ട്.

നേരത്തെ ബയേണിന് ഒരു സീസണിൽ 6 കിരീടങ്ങൾ നേടിക്കൊടുത്ത പരിശീലകനാണ് ഫ്ലിക്ക്.പിന്നീട് അദ്ദേഹം ജർമ്മനിയുടെ പരിശീലകനായി കൊണ്ട് എത്തുകയായിരുന്നു. പക്ഷേ ജർമനിയിൽ തിളങ്ങാൻ സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടമായി. പിന്നീട് അദ്ദേഹം ഒരു ടീമിനെയും ഏറ്റെടുത്തിരുന്നില്ല. എന്നാൽ ബാഴ്സയെ ഏറ്റെടുക്കാൻ അദ്ദേഹം ഇപ്പോൾ റെഡിയായി കഴിഞ്ഞിട്ടുണ്ട്. ബാഴ്സ താരങ്ങളായ ലെവന്റോസ്ക്കി,ഗുണ്ടോഗൻ എന്നിവരെ മുൻപ് പരിശീലിപ്പിച്ചിട്ടുള്ള പരിശീലകൻ കൂടിയാണ് ഹാൻസി ഫ്ലിക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!