വീണ്ടും പരിക്ക്, ടീമിലെ തന്റെ എട്ടാമത്തെ മാറ്റം വരുത്തി ടിറ്റെ !

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ വെനിസ്വേലയെ തകർത്തു വിട്ടത്. സൂപ്പർ താരം റോബെർട്ടോ ഫിർമിനോ നേടിയ ഗോളാണ് ബ്രസീലിന്റെ രക്ഷക്കെത്തിയത്. പരിക്കും കോവിഡും മൂലം സൂപ്പർ താരങ്ങളുടെ അഭാവം ശരിക്കും ബ്രസീലിന്റെ പ്രകടനങ്ങളെ ബാധിച്ചിരുന്നു. ഇപ്പോഴിതാ ബ്രസീലിയൻ ടീമിലെ മറ്റൊരു താരത്തിന് കൂടി പരിക്കേറ്റിരിക്കുകയാണിപ്പോൾ. സൂപ്പർ താരം നെയ്മർ ജൂനിയർക്ക്‌ പകരം ഉൾപ്പെടുത്തിയ പെഡ്രോക്കാണ് പരിക്കേറ്റിരിക്കുന്നത്. താരം ബ്രസീൽ ടീമിൽ നിന്നും പുറത്തായതായി ഗ്ലോബോ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി പെഡ്രോ കളത്തിലേക്കിറങ്ങിയിരുന്നു. എന്നാൽ ഇന്നലെ നടന്ന പരിശീലനത്തിനിടെയാണ് താരത്തിനെ പരിക്ക് പിടികൂടിയത്. പരിക്ക് ഗുരുതരമല്ലെന്ന് ബ്രസീൽ ടീം ഡോക്ടർ ലാസ്മർ അറിയിച്ചിട്ടുണ്ട്.

മസിൽ ഇഞ്ചുറിയാണ് പെഡ്രോക്ക്‌ രേഖപ്പെടുത്തിയിരിക്കുന്നത്. താരത്തിന് പകരമായി തിയാഗോ ഗാൽഹർഡോയെ ടിറ്റെ ടീമിലേക്ക് എടുത്തിട്ടുണ്ട്. ബ്രസീലീരിയോയിലേക്ക് ടോപ് സ്കോററാണ് താരം. ഇന്റർനാഷണലിന് വേണ്ടി പതിനഞ്ച് ഗോളുകൾ താരം നേടിക്കഴിഞ്ഞിരുന്നു. മുപ്പത്തിയൊന്നുകാരനായ താരം മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ബ്രസീൽ ടീമിൽ ടിറ്റെ വരുത്തുന്ന എട്ടാമത്തെ മാറ്റമാണിത്. റോഡ്രിഗോ കയോ, എഡർ മിലിറ്റാവോ, ഗബ്രിയേൽ മെനീനോ, കാസമിറോ, ഫാബിഞ്ഞോ, കൂട്ടീഞ്ഞോ, നെയ്മർ എന്നിവരെയെല്ലാം വിവിധ കാരണങ്ങൾ കൊണ്ട് ടിറ്റെക്ക്‌ ഒഴിവാക്കേണ്ടി വന്നിരുന്നു.അതേസമയം അലക്സ് ടെല്ലസിന്റെ കോവിഡ് ഭേദമായിട്ടില്ലെന്ന് ബ്രസീൽ സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് താരത്തിന്റെ പകരം അരാനയെ ടിറ്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഉറുഗ്വക്കെതിരെയാണ് ഇനി ബ്രസീലിന്റെ അടുത്ത മത്സരം. മൂന്ന് മത്സരങ്ങളിൽ മൂന്നിലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ടിറ്റെക്ക്‌ ആശ്വാസകരമായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!