ഒഫീഷ്യൽ : വില്യൻ ചെൽസിയുടെ പടിയിറങ്ങി !
ഏഴ് വർഷക്കാലം ചെൽസിയുടെ നീലജേഴ്സിയിൽ സ്ഥിരസാന്നിധ്യമായിരുന്ന ബ്രസീലിയൻ സൂപ്പർ താരം വില്യൻ ക്ലബ് വിട്ടു. താരം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒരു വൈകാരികമായ പ്രസ്താവനയിലൂടെയാണ് വില്യൻ ക്ലബ് വിടുന്ന കാര്യം അറിയിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു ക്ലബായ ആഴ്‌സണലിലേക്ക് ആയിരിക്കും താരത്തിന്റെ കൂടുമാറ്റം. താരത്തെ നിലനിർത്താൻ ചെൽസി കഴിവതും ശ്രമിച്ചിരുന്നു. രണ്ട് വർഷത്തെ പുതിയ കരാർ ചെൽസി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും താരം അത് നിരസിക്കുകയായിരുന്നു. പിന്നീട് ക്ലബിനും താരത്തിനും ധാരണയിൽ എത്താൻ കഴിയാത്തതിനാൽ താരം ചെൽസി വിടാൻ തീരുമാനിക്കുകയായിരുന്നു. ചെൽസിക്കൊപ്പം രണ്ട് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, ഇഎഫ്എൽ കപ്പ്, യൂറോപ്പ ലീഗ് എന്നിവയെല്ലാം തന്നെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
താരത്തിന്റെ വിടവാങ്ങൽ കുറിപ്പിന്റെ രത്നചുരുക്കം ഇങ്ങനെയാണ്. ” ഏഴ് മനോഹരമായ വർഷങ്ങളായിരുന്നു ഇത്. എനിക്ക് ചെൽസിയിൽ നിന്നും ഓഫർ വന്ന സമയത്ത് ഞാൻ അത് സ്വീകരിക്കുകയായിരുന്നു. അത് ഞാൻ എടുത്ത മികച്ച തീരുമാനമായിരുന്നു. ഇവിടെ സന്തോഷങ്ങളും ദുഃഖങ്ങളുമുണ്ടായിട്ടുണ്ട്. കിരീടങ്ങൾ നേടാൻ സാധിച്ചിട്ടുമുണ്ട്. എന്നാൽ അതിനുമപ്പുറം ഒരു നല്ല താരമായും ഒരു നല്ല വ്യക്തിയായും ഞാൻ പരിണമിച്ചത് ഇവിടെ വെച്ചാണ്. ഓരോ മത്സരത്തിലും, പരിശീലനത്തിലും, ഡ്രസിങ് റൂമിലും ഞാൻ ഓരോ കാര്യങ്ങൾ പഠിക്കുകയായിരുന്നു. എന്നെ ഇരുകൈകളും നീട്ടി സ്വീകരിച്ച ഇവിടുത്തെ ആരാധകരോട് ഞാൻ നന്ദി പറയുന്നു. വിമർശനങ്ങൾ ഉണ്ടായിരുന്നു. അത് കളിയുടെ ഭാഗമാണ്. അതിൽ നിന്നും പാഠമുൾക്കൊണ്ട് ഇമ്പ്രൂവ് ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. എനിക്കിപ്പോൾ ക്ലബിനോട് വിട പറയാനുള്ള സമയമായിരിക്കുന്നു. തീർച്ചയായും ഞാൻ സഹതാരങ്ങളെയും ടീമിനെയും മിസ്സ് ചെയ്യും. ഞാൻ എന്റെ തലയുയർത്തി കൊണ്ടാണ് ഇവിടെ നിന്നും മടങ്ങുന്നത് ” വില്യൻ കുറിച്ചു.
Willian at Chelsea:
— Goal (@goal) August 9, 2020
7️⃣ seasons
3️⃣3️⃣9️⃣ games
6️⃣3️⃣ goals
🏆🏆🏆🏆🏆 pic.twitter.com/rXkcA8F4rb