ഫ്രാൻസിന്റെ ദയനീയ പതനം, പണി കിട്ടുക ബാഴ്സക്ക്!

ഈ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു ഫ്രാൻസ്. വമ്പൻ താരനിരയുമായി വന്ന ഫ്രാൻസ് അപ്രതീക്ഷിതമായി പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലാന്റിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്താവുകയായിരുന്നു. ഫ്രാൻസിന്റെ ഈയൊരു ദയനീയ പതനം ഏറ്റവും കൂടുതൽ തിരിച്ചടിയേൽപ്പിക്കുക സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണക്കായിരിക്കും. എന്തെന്നാൽ തങ്ങളുടെ പ്രധാനപ്പെട്ട താരങ്ങളുടെ മൂല്യം ഈ തോൽവി വഴി കുറയുന്നതാണ് ബാഴ്സക്ക് തിരിച്ചടിയേൽപ്പിക്കുന്നത്. ഉസ്മാൻ ഡെംബലെ, അന്റോയിൻ ഗ്രീസ്‌മാൻ, ക്ലമന്റ് ലെങ്ലെറ്റ്‌ എന്നിവരുടെ കാര്യത്തിലാണ് ബാഴ്‌സക്ക് ആശങ്ക.

പരിക്കേറ്റ ഡെംബലെ നാല് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് ബാഴ്സക്കേറ്റ ആദ്യത്തെ തിരിച്ചടിയാണ്. മാത്രമല്ല താരം കരാർ പുതുക്കാൻ തയ്യാറാവുന്നില്ലെങ്കിൽ ഈ സമ്മറിൽ തന്നെ ഡെംബലയെ വിൽക്കാനായിരുന്നു ബാഴ്സയുടെ പദ്ധതി. എന്നാൽ ഇനി അത്‌ എത്രത്തോളം സാധ്യമാവുമോ എന്ന കാര്യം സംശയത്തിലാണ്.

അതേസമയം ഗ്രീസ്‌മാന്റെ കാര്യത്തിലേക്ക് വന്നാലും ചെറിയ ആശങ്കകൾ ബാഴ്സക്കുണ്ട്. യൂറോ കപ്പിൽ താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് ഗ്രീസ്‌മാൻ കാഴ്ച്ചവെച്ചത്. എന്നാൽ സാമ്പത്തികപ്രശ്നങ്ങൾ നേരിടുന്ന ബാഴ്സ മറ്റൊരു ആലോചനയിലാണ്. മെസ്സി കരാർ പുതുക്കിയാൽ വെയ്ജ് ബിൽ കുറക്കാൻ വേണ്ടി ചില താരങ്ങളെ ഒഴിവാക്കാൻ ബാഴ്സക്ക് പദ്ധതികൾ ഉണ്ടായിരുന്നു. ഏറ്റവും സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് ഗ്രീസ്‌മാൻ. അത്കൊണ്ട് തന്നെ ട്രാൻസ്ഫർ വിപണിയിൽ താരത്തിന്റെ മൂല്യം ഇടിഞ്ഞാൽ അത്‌ ബാഴ്‌സക്ക് തിരിച്ചടിയാവും.

ലെങ്ലെറ്റിന്റെ കാര്യത്തിലും ഇത്‌ തന്നെയാണ് അവസ്ഥ. എറിക് ഗാർഷ്യ ബാഴ്‌സയിൽ എത്തിയ സ്ഥിതിക്ക് ബാഴ്സയുടെ ഡിഫൻഡർമാരുടെ എണ്ണം ആറായി ഉയർന്നിട്ടുണ്ട്. അത്കൊണ്ട് തന്നെ ചില താരങ്ങളെ ഒഴിവാക്കാനാണ് ബാഴ്‌സ ആലോചിക്കുന്നത്.കഴിഞ്ഞ സീസണിൽ ബാഴ്‌സക്ക് വേണ്ടിയും ഈ യൂറോയിൽ ഫ്രാൻസിന് വേണ്ടി മോശം പ്രകടനം തന്നെയാണ് താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. അത്കൊണ്ട് തന്നെ താരത്തെയും ഒഴിവാക്കാൻ ബാഴ്സ ആലോചിക്കുന്നുണ്ട്. ചുരുക്കത്തിൽ ഈ മൂന്ന് താരങ്ങളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!