തിയാഗോ അൽകാന്ററയെ ലിവർപൂളിൽ നിന്നും ഹൈജാക്ക് ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം തിയാഗോ അൽകാന്ററ ഈ സീസണോടെ ക്ലബ് വിടുമെന്ന് ഏകദേശം ഉറപ്പായതാണ്. ഒരു വർഷം കൂടി താരത്തിന് ബയേണിൽ കരാർ ഉണ്ടെങ്കിലും താരം ക്ലബ്‌ വിടാൻ അനുമതി ചോദിച്ചിരുന്നു. ബയേൺ അതിന് സമ്മതം മൂളുകയും ചെയ്തതോടെയാണ് താരത്തിന്റെ മുന്നിൽ പുതിയ വാതിലുകൾ തുറക്കപ്പെടുന്നത്. ഇരുപത്തിയൊമ്പതുകാരനായ താരത്തെ ടീമിലെത്തിക്കാൻ സജീവമായി ഇത് വരെ മുന്നിലുണ്ടായിരുന്നത് ലിവർപൂൾ ആയിരുന്നു. താരത്തിന് വേണ്ടി മുപ്പത്തിയൊന്ന് മില്യൺ പൗണ്ടായിരുന്നു ബയേൺ ആവിശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് താരത്തെ ഹൈജാക്ക് ചെയ്തു ടീമിലെത്തിക്കാനുള്ള നീക്കവുമായി ലിവർപൂളിന്റെ ചിരവൈരികളായ യുണൈറ്റഡ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ജർമ്മൻ മാധ്യമമായ സ്പോർട്ട് ബിൽഡ് ആണ് താരത്തിന് വേണ്ടി യുണൈറ്റഡ് രംഗത്ത് വന്ന വാർത്ത പുറത്തു വിട്ടത്.

ബയേണിന്റെ സിഎഒ ആയ കാൾ ഹെയിൻസ് ആയിരുന്നു താരം ക്ലബ് വിടുമെന്ന കാര്യം സ്ഥിരീകരിച്ചിരുന്നത്. താരം ലിവർപൂളിലേക്ക് പോവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡ്രെസ്സിംഗ് റൂമിൽ ചർച്ച ചെയ്തതായി വാർത്തകൾ ഉണ്ടായിരുന്നു. പിന്നീടാണ് താരത്തിന് വേണ്ടി യുണൈറ്റഡ് ബയേണിനെ സമീപിക്കുന്നത്. മുപ്പത്തിയൊന്ന് മില്യൺ പൗണ്ട് നൽകാൻ യുണൈറ്റഡ് സമ്മതം മൂളിയതായും അറിയാൻ കഴിയുന്നുണ്ട്. ഏതായാലും ഇത് സംബന്ധിച്ച കൂടുതൽ വാർത്തകൾ പിന്നീട് പുറത്തു വരും. താരം കൂടി യുണൈറ്റഡിലേക്ക് പോവാൻ സമ്മതം മൂളിയാൽ ഒരുപക്ഷെ തിയാഗോ ഓൾഡ് ട്രാഫോഡിൽ എത്തിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *