മെസ്സിക്ക് നേതൃഗുണമില്ല, ടീം മികച്ചതല്ലെങ്കിൽ മെസ്സി പരാജയം, താരത്തെ വിമർശിച്ച് മുൻ അർജന്റൈൻ താരം !

സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ രൂക്ഷവിമർശനമുയർത്തി മുൻ അർജന്റൈൻ താരം ക്ലോഡിയോ കനീജിയ. കഴിഞ്ഞ ദിവസം കനാൽ 26 ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസ്സിക്കെതിരെ വിമർശനം ഉയർത്തിയത്. താരത്തിന്റെ നേതൃത്വഗുണത്തെയാണ് ഇദ്ദേഹം വിമർശിച്ചത്. മെസ്സിക്ക് നേതൃത്വപാടവമില്ലെന്നും മെസ്സി കളിക്കുന്ന ടീം മികച്ചതല്ല എന്നുണ്ടെങ്കിൽ പിന്നെ മെസ്സി കളത്തിൽ പരാജയമാണ് എന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മെസ്സി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നുണ്ടെങ്കിലും എതിരാളികൾ മെസ്സിയുടെ ടീമിനെക്കാൾ മികച്ചതാണ് എന്നുണ്ടെങ്കിൽ മെസ്സി കളിക്കാൻ പാടുപെടുന്നത് നമുക്ക് കാണാമെന്നും അദ്ദേഹം അറിയിച്ചു.1987 മുതൽ 2002 വരെ അർജന്റീനക്ക് വേണ്ടി കളിച്ച താരമാണ് കനീജിയ. ബാഴ്‌സയുടെ 8-2 ന്റെ തോൽവിയെ ബന്ധപ്പെടുത്തി കൊണ്ടാണ് കനീജിയ ഇങ്ങനെയൊരു വിമർശനത്തിന് മുതിർന്നത്.

” മെസ്സിക്ക് നേതൃത്വഗുണത്തിന്റെ അഭാവമുണ്ട്. മെസ്സിയുടെ ടീമല്ല മികച്ചത് എന്നുണ്ടെങ്കിൽ അദ്ദേഹം പരാജയമാകും. മെസ്സി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നുള്ളതും അദ്ദേഹത്തിന് നല്ല വ്യക്തിത്വമുണ്ട് എന്നുള്ളതും വ്യക്തമാണ്. പക്ഷെ ബാഴ്‌സയിൽ ചില സമയങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. തങ്ങളെക്കാൾ മികച്ചത് എതിരാളിയാണ് എന്ന് മനസ്സിലായാൽ മെസ്സി കളിക്കാൻ പാടുപെടുന്നത് നമുക്ക് കാണാം. അദ്ദേഹം കളത്തിലേക്ക് ഇറങ്ങുകയും അദ്ദേഹത്തിന്റെ ടീം അല്ല മികച്ചത് എന്ന് മനസിലാക്കുകയും ചെയ്താൽ പിന്നെ വിജയിക്കൽ ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന് കാര്യങ്ങൾ നല്ലതായി തോന്നില്ല. അദ്ദേഹം താളം കണ്ടെത്താൻ വിഷമിക്കുന്നത് നമുക്ക് കാണുകയും ചെയ്യാം ” കനീജിയ പറഞ്ഞു. കൂടാതെ മെസ്സി ബാഴ്‌സ വിടുന്ന കാര്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” മെസ്സിക്ക് ഏറ്റവും മോശമായ ഉപദേശമാണ് അദ്ദേഹത്തിന്റെ വക്കീലുമാർ നൽകിയത്. അവർ മെസ്സിയോട് ഫ്രീ ആയി പോവാൻ ഉപദേശിച്ചു. മെസ്സിയുടെ വക്കീലുമാർ പ്രശ്നത്തിൽ നിന്നും തലയൂരുകയാണ് ചെയ്തത്. സത്യത്തിൽ മെസ്സി ബാഴ്‌സ വിടാൻ പോവുന്നില്ല ” അദ്ദേഹം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *