അപ്രതീക്ഷിത നീക്കം, ലോറൻ്റ് ബ്ലാങ്കിനെ പരിശീലകനാക്കാൻ ബാഴ്സ

ഫ്രഞ്ച് പരിശീലകൻ ലോറൻ്റ് ബ്ലാങ്കിനെ പരിശീലകനായി നിയമിക്കാൻ FC ബാഴ്സലോണ ശ്രമം നടത്തുന്നതായി റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ എൽ എക്യുപ്പെയെ ഉദ്ദരിച്ച് മാർക്കയും സ്പോർട്ടുമടക്കമുള്ള മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെക്നിക്കൽ ഡയറക്ടർ എറിക് അബിദാലിൻ്റെ പിന്തുണയോടെയാണത്രെ ബാഴ്സ ഇത്തരമൊരു നീക്കം നടത്തുന്നത്. ബാഴ്സയുടെ നിലവിലെ പരിശീലകൻ ക്വീക്കെ സെറ്റിയെൻ തൽസ്ഥാനത്ത് അധികനാൾ തുടരില്ല എന്ന കാര്യം ഏറെക്കുറെ തീരുമാനമായ മട്ടാണ്.

കളിക്കുന്ന കാലത്ത് FC ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇൻ്റർമിലാൻ തുടങ്ങി വമ്പൻ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുള്ള ലോറൻ്റ് ബ്ലാങ്ക് 1998ൽ ലോകകപ്പ് കിരീടത്തിലും 2000ൽ യൂറോ കപ്പ് കിരീടത്തിലും ഫ്രഞ്ച് ദേശീയ ടീമിനൊപ്പം മുത്തമിടുകയുണ്ടായി. പരിശീലകൻ എന്ന നിലയിൽ ഫ്രഞ്ച് ക്ലബ്ബുകളായ ബോർഡൊയെയും PSGയെയും കളി പഠിപ്പിച്ച അദ്ദേഹം 2010-12 കാലഘട്ടത്തിൽ ഫ്രഞ്ച് ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2016ൽ PSG വിട്ട ബ്ലാങ്ക് പിന്നീടൊരു ക്ലബ്ബിനെയും പരിശീലിപ്പിച്ചിട്ടില്ല. 2017ൽ ഗാലറ്റസരായിൽ നിന്നും സെവിയ്യയിൽ നിന്നും വന്ന ഓഫറുകൾ അദ്ദേഹം നിരസിക്കുകയായിരുന്നു. എന്നാലിപ്പോൾ FC ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ബ്ലാങ്ക് തയ്യാറാണെന്നാണ് എൽ എക്യുപ്പെ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *