വിജയങ്ങൾ നേടുന്ന, ആരാധകർക്ക് ആസ്വാദകരമാവുന്ന ഫുട്ബോളാണ് പുറത്തെടുക്കുകയെന്ന് കൂമാൻ !

എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകനായി റൊണാൾഡ്‌ കൂമാൻ സ്ഥാനമേറ്റെടുത്തതോടെ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ചാമ്പ്യൻസ് ലീഗിൽ തകർന്നു തരിപ്പണമായ ഒരു ടീമിനെ കൂമാൻ എങ്ങനെ പൂർവ്വസ്ഥിതിയിലാക്കും എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ. നിലവിലുള്ള സ്‌ക്വാഡിൽ നിന്ന് വലിയ രീതിയിലുള്ള മാറ്റങ്ങൾ കൂമാൻ വരുത്തിയേക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ പഴയ ബാഴ്‌സ തിരിച്ചു കൊണ്ടുവരുമെന്ന് വളരെയധികം ആത്മവിശ്വാസത്തോടെ തുറന്നു പറഞ്ഞിരിക്കുകയാണ്. യോഹാൻ ക്രൈഫിന്റെ സ്വപ്നടീം തന്റെ പദ്ധതികളെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് കൂമാൻ അറിയിച്ചത്. വിജയങ്ങൾ മാത്രം നേടുന്ന, ആരാധകർക്ക് ആസ്വാദകമാവുന്ന ഫുട്‍ബോളാണ് ഇനി ബാഴ്സ പുറത്തെടുക്കുകയെന്നും കൂമാൻ ഉറപ്പ് നൽകി. ഡച്ച് അറ്റാക്കിങ് ഗെയിം പോലെ മത്സരത്തിൽ സർവാധിപത്യം പുലർത്തുന്ന ഒരു കളിരീതിയാണ് തനിക്ക് ആവിശ്യമെന്നും കൂമാൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ക്ലബിന്റെ ഒഫീഷ്യൽ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ഭാവി പരിപാടികളെ കുറിച്ച് സൂചനകൾ നൽകാൻ കൂമാൻ തയ്യാറായത്.

“ഞങ്ങൾക്ക് ഏറ്റവും മികച്ച കൂട്ടുകെട്ടുകളാണ് മുമ്പ് ഉണ്ടായിരുന്നത്. അന്ന് ഞങ്ങൾ അറ്റാക്കിങ് ഫുട്ബോൾ കളിക്കുകയും വിജയങ്ങൾ നേടുകയും കിരീടങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. അതായിരുന്നു ബാഴ്സയുടെ തത്വം. അത്‌ തന്നെയാണ് ഞങ്ങളിപ്പോൾ തിരിച്ചെടുക്കേണ്ടതും. നല്ല ഫുട്ബോൾ കാഴ്ച്ചവെച്ച്, വിജയങ്ങൾ നേടി ആരാധകരെ ആസ്വദിപ്പിക്കണം, അതിന് ഞങ്ങൾക്ക് കഴിയുമെന്നാണ് വിശ്വസിക്കുന്നത്. വളരെയധികം യോജിപ്പോടെ പ്രവർത്തിക്കുന്ന, അച്ചടക്കമുള്ള ഒരു ടീമിനെയാണ് എനിക്ക് വേണ്ടത്. മത്സരങ്ങളിൽ ആധിപത്യം പുലർത്തുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഡച്ച് അറ്റാക്കിങ് ഫുട്ബോൾ ചെയ്ത പോലെ. ഞാൻ ടീമിലെ ഒട്ടുമിക്ക താരങ്ങളുമായും നേരിട്ട് സംസാരിച്ചിട്ടുണ്ട്. എല്ലാം സംസാരിച്ച് തയ്യാറാക്കിയിട്ടുമുണ്ട്. ഞങ്ങൾ മികച്ച പ്രകടനം കാഴ്ച്ചവെക്കും, നിങ്ങളുടെ മുഖത്ത് പുഞ്ചിരികൾ തിരികെ കൊണ്ടുവരികയും ചെയ്യും ” കൂമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!