ബെൻഫിക്കയുടെ എതിരാളികൾ കളിച്ചത് 9 താരങ്ങളുമായി, രൂക്ഷവിമർശനം!

ഇന്നലെ പോർച്ചുഗീസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബെൻഫിക്കയുടെ എതിരാളികൾ ദുർബലരായ ബെലനെൻസസായിരുന്നു. എന്നാൽ ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ കേവലം 9 പേരെ മാത്രമാണ് ബെലനെൻസസിന് ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ബാക്കിയുള്ള എല്ലാ താരങ്ങളും കോവിഡിന്റെ പിടിയിലായിരുന്നു. തുടർന്ന് കേവലം 9 പേരുമായാണ് ബെലനെൻസസ് കളിച്ചത്. ആദ്യപകുതിയിൽ 7 ഗോളുകൾക്ക്‌ ബെൻഫിക്ക മുന്നിട്ട് നിന്നു.

ബെലനെൻസസിന്റെ ഒരു താരത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ 13 താരങ്ങൾ ഉൾപ്പടെ ക്ലബ്ബിലെ 17 അംഗങ്ങൾക്ക്‌ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പക്ഷേ ലീഗ് അധികൃതർ മത്സരം ഉപേക്ഷിക്കാൻ തയ്യാറായില്ല. ഫിഫയുടെ നിയമപ്രകാരം 7 പേരുണ്ടെങ്കിൽ മത്സരം നടത്താവുന്നതാണ്. ഇങ്ങനെ മത്സരം നടത്താൻ ലീഗ് അധികൃതർ തീരുമാനിക്കുകയായിരുന്നു. ഒരു ഗോൾകീപ്പറെ മറ്റൊരു പൊസിഷനിൽ കളിക്കാൻ ഇവർ നിർബന്ധിതരാവുകയും ചെയ്തു. ആദ്യപകുതിക്ക്‌ ശേഷം താരങ്ങൾ പിൻവാങ്ങിയതോടെ മത്സരം ഉപേക്ഷിക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.

എന്നാൽ ഈ വിഷയത്തിൽ ലീഗിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുകയാണ് സൂപ്പർ താരമായ ബെർണാഡോ സിൽവ.ഈ മത്സരം എന്ത് കൊണ്ട് നടത്തി എന്നുള്ളത് തനിക്ക് മനസ്സിലാവുന്നില്ല എന്നാണ് സിൽവ അറിയിച്ചത്. ഇതിന് പിന്തുണ അറിയിച്ചുകൊണ്ട് റൂബൻ നെവെസ് രംഗത്ത് വരികയും ചെയ്തു. മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് ഇതേ കുറിച്ച് നെവസ് അറിയിച്ചത്. ഏതായാലും ഈ സംഭവവികാസങ്ങൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചാവിഷയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!