നെയ്മർ ബാഴ്‌സയിലേക്ക് തിരിച്ചുവരണമോ? അഭിപ്രായം അറിയിച്ച് സാവി

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോ മുതൽ ഫുട്ബോൾ ലോകത്ത് ഏറ്റവും ശക്തമായി നിലനിൽക്കുന്ന അഭ്യൂഹങ്ങളിലൊന്നാണ് സൂപ്പർ താരമായ നെയ്മർ ജൂനിയറുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവ്. താരത്തിന് ബാഴ്സയെയും ബാഴ്സക്ക് താരത്തെയും ആവശ്യമായി തുടങ്ങിയിട്ട് നാളുകൾ കുറച്ചായി ഈ ട്രാൻസ്ഫർ വിൻഡോയിൽ മുന്നിൽ നിൽക്കുന്ന ഒരു ട്രാൻസ്ഫർ സാധ്യതയാണ് നെയ്മറുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവ്. ഈ വിഷയത്തിൽ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ബാഴ്സ സൂപ്പർ താരവും നിലവിൽ അൽ-സാദ് പരിശീലകനുമായ സാവി. അദ്ദേഹത്തിന് നെയ്മറുടെ ക്വാളിറ്റിയിൽ ഒട്ടും സംശയമില്ലെന്നും നെയ്മറുടെ തിരിച്ചുവരവ് ബാഴ്സയ്ക്കും താരത്തിനും ഗുണം ചെയ്യുമെന്നുമാണ് സാവിയുടെ അഭിപ്രായം. കഴിഞ്ഞ ദിവസം ഡിമാരിയോക്ക് യുട്യൂബിൽ നൽകിയ ഇന്റർവ്യൂവിലാണ് സാവി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

” തീർച്ചയായും നെയ്മറുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവിനെ ഞാൻ പിന്തുണക്കുന്നു. കളിക്കളത്തിൽ അദ്ദേഹത്തിന്റെ യോഗ്യതയെ കുറിച്ച് എനിക്ക് യാതൊരു സംശയങ്ങളുമില്ല. ഡ്രസിങ് റൂമിൽ വെച്ചും എനിക്കദ്ദേഹത്തെ പരിചയമുണ്ട്. മികച്ച ഒരു വ്യക്തിയാണ് നെയ്മർ. ബാഴ്സയിലായിരുന്നപ്പോൾ മികച്ച ഒരു പ്രൊഫഷണൽ താരമായിരുന്നു അദ്ദേഹം. ഒരുപാട് വ്യത്യസ്ഥതകൾ സൃഷ്ടിക്കാൻ കഴിവുള്ള താരമാണ് നെയ്മർ. സാമൂഹികപരമായും നിയമപരമായും ചിലപ്പോൾ പ്രശ്നങ്ങളുണ്ടാവാം. പക്ഷെ അതൊന്നും ഇവിടെ ഗൗനിക്കേണ്ടതില്ല. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളിൽ ഒരാളാണ് നെയ്മർ ” സാവി പറഞ്ഞു.

ഇന്റർമിലാൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസിനെ കുറിച്ചും സാവി തന്റെ അഭിപ്രായം അറിയിച്ചു. തനിക്കിഷ്ട്ടപ്പെട്ട താരമാണ് ലൗറ്ററോയെന്നും കുറഞ്ഞ സ്പേസിൽ റിസൾട്ട്‌ ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ബാഴ്സക്ക് അനുയോജ്യനായ താരമാണ് ലൗറ്ററോയെന്നും സാവി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *