അൻസു ഫാറ്റി പ്രീമിയർ ലീഗിലേക്കോ? ലക്ഷ്യമിട്ട് വമ്പന്മാർ.

എഫ്സി ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർതാരമായ അൻസു ഫാറ്റി ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പരിക്ക് കാരണം നിരവധി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. പരിക്കിൽ നിന്നും മടങ്ങിയെത്തിയ അദ്ദേഹത്തിന് തന്റെ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല പരിശീലകനായ സാവിക്ക് കീഴിൽ വളരെ അപൂർവമായി മാത്രമാണ് ഫാറ്റിക്ക് അവസരങ്ങൾ ലഭിക്കുന്നത്.

അതുകൊണ്ടുതന്നെ താരത്തിന്റെ പിതാവ് ബാഴ്സക്കെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.ഫാറ്റിയെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് കൊണ്ടുപോകാനാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു താരത്തിന്റെ പിതാവ് പറഞ്ഞിരുന്നത്. ഇനി ഈ സീസണിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ലെങ്കിൽ ഫാറ്റി വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സ വിടും എന്നുള്ള വാർത്തകളും ഇപ്പോൾ സജീവമാണ്.

ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാൻ വേണ്ടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ രംഗത്ത് വന്നിട്ടുണ്ട്. അവരുടെ പരിശീലകനായ മിക്കേൽ ആർട്ടെറ്റയാണ് ഈ സൂപ്പർതാരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിന് വേണ്ടി ആഴ്സണൽ ശ്രമങ്ങൾ നടത്തിയേക്കും.പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്ത സീസണിലേക്ക് കൂടുതൽ ശക്തി വർധിപ്പിക്കാൻ ആണ് ആഴ്സണൽ ലക്ഷ്യം വെക്കുന്നത്. ബാഴ്സക്ക് വേണ്ടി ഇതിനോടകം തന്നെ 96 മത്സരങ്ങൾ കളിക്കാൻ ഫാറ്റിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ താരത്തെ സ്വന്തമാക്കണമെങ്കിൽ വലിയ തുക ആഴ്സണൽ മുടക്കേണ്ടി വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.സാവിയുടെ പദ്ധതികളിൽ ഈ 20കാരന് സ്ഥാനം ഇല്ലെങ്കിൽ അദ്ദേഹം ബാഴ്സ വിടാൻ തന്നെയാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!