മൈക്കൽ ജോർദാനെ പോലെ ഒരു ലാസ്‌റ്റ് ഡാൻസ് : മെസ്സിയെ കുറിച്ച് സാവിക്ക് പറയാനുള്ളത്.

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകൾ ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവമാണ്.ബാഴ്സയുടെ വൈസ് പ്രസിഡന്റിന്റെ പ്രസ്താവനയാണ് ഇതിന് തിരികൊളുത്തിയത്. ലയണൽ മെസ്സിയുടെ ക്യാമ്പുമായി തങ്ങൾ ചർച്ച ആരംഭിച്ചു കഴിഞ്ഞു എന്നായിരുന്നു റാഫ യൂസ്റ്റെ പറഞ്ഞിരുന്നത്. ഇതോടുകൂടി ബാഴ്സ ആരാധകർ വലിയ പ്രതീക്ഷയിലാണ്.

ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുമോ എന്ന കാര്യത്തിൽ എഫ്സി ബാഴ്സലോണയുടെ പരിശീലകനായ സാവിയോട് മാധ്യമപ്രവർത്തകർ അഭിപ്രായം തേടിയിരുന്നു. മെസ്സി ബാഴ്സയിലേക്ക് തിരികെ എത്താൻ താൻ ആഗ്രഹിക്കുന്നു എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. മൈക്കിൽ ജോർദാനെ പോലെ മെസ്സിയുടെ ബാഴ്സയിലെ ലാസ്റ്റ് ഡാൻസിന് വേണ്ടി ആരാധകർ ആവേശത്തിലാണെന്നും സാവി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് സംസാരിക്കാൻ പറ്റിയ ശരിയായ സമയം ഇതാണ് എന്ന് ഞാൻ കരുതുന്നില്ല.ഞാൻ അദ്ദേഹത്തിന്റെ സുഹൃത്താണ്, ആ നിലയിൽ അദ്ദേഹവുമായി സംസാരിക്കാറുണ്ട്. പക്ഷേ ഇപ്പോൾ മെസ്സിയെക്കുറിച്ച് സംസാരിക്കുന്നത് അദ്ദേഹത്തിനോ ക്ലബ്ബിനോ നല്ലതല്ല. ഇത് ഞങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ്. തീർച്ചയായും മെസ്സിയുടെ വളർച്ച കണ്ട ഒരു വ്യക്തിയാണ് ഞാൻ. അദ്ദേഹം തിരികെ വരുന്നതിനെ കുറിച്ച് ഏവർക്കും ആവേശം ഉണ്ടാവും. മൈക്കൽ ജോർദാന്റെ ലാസ്റ്റ് ഡാൻസിനെ പോലെയാണ് ഇത്. അതുകൊണ്ടുതന്നെ ആളുകൾ ആവേശഭരിതമാകുന്നത് സ്വാഭാവികമാണ്.മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അതിനുവേണ്ടി ഞാൻ ആഗ്രഹിക്കുന്നുണ്ട്.അദ്ദേഹം തിരിച്ചെത്തിയാൽ ആദ്യം സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവനാണ് ഈ ക്ലബ്ബ് ” സാവി പറഞ്ഞു.

മെസ്സിക്ക് ഇതുവരെ ഒരു ഓഫർ നൽകാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല. ഓഫർ ലഭിച്ചു കഴിഞ്ഞാൽ മെസ്സി ബാഴ്സയിലേക്ക് വരാൻ തയ്യാറാവും എന്നാണ് പല മാധ്യമങ്ങളും സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!