യുവെൻ്റസിൻ്റെ പുതിയ കോച്ചായി പിർലോയെ നിയമിച്ചു
ഇതിഹാസ താരം ആന്ദ്രെ പിർലോയെ യുവെൻ്റസ് ഹെഡ് കോച്ചായി നിയമിച്ചു. താരത്തെ സീനിയർ ടീമിൻ്റെ പരിശീലകനായി നിയമിച്ച കാര്യം ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ പരിശീലകൻ മൗറീസിയോ സാറിയെ യുവെൻ്റസ് തൽസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പിർലോയെ ക്ലബ്ബിൻ്റെ U23 ടീം പരിശീലകനായി യുവെൻ്റസ് നിയമിച്ചിരുന്നു. അവിടെ നിന്നാണിപ്പോൾ സീനിയർ ടീം ഹെഡ് കോച്ചായി പ്രമോട്ട് ചെയ്തിരിക്കുന്നത്. 41 കാരനായ പിർലോ 2017ൽ തൻ്റെ പ്ലേയിംഗ് കരിയർ അവസാനിപ്പിച്ച ശേഷം പുതിയ റോളിൽ വീണ്ടും കളത്തിലേക്ക് വരുന്നത് ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.
OFFICIAL ✍️ | Andrea Pirlo is the new coach of the First Team.https://t.co/riVxl1enbJ#CoachPirlo pic.twitter.com/pf9QRbJ6Ll
— JuventusFC (#Stron9er 🏆🏆🏆🏆🏆🏆🏆🏆🏆) (@juventusfcen) August 8, 2020
ഇറ്റലിക്ക് വേണ്ടി 116 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള പിർലോ 2006 വേൾഡ് കപ്പ് വിജയത്തിലും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. യുവെൻ്റസിനൊപ്പം 4 സീരി A കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം AC മിലാനൊപ്പം 2 യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 2 ലീഗ് കിരീടങ്ങളും ഒരു ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് കിരീടവും നേടിയിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ്ബ് ബ്രെസിയയിലൂടെ കളി തുടങ്ങിയ പിർലോ 1998 മുതൽ 2001 വരെ ഇൻ്റർ മിലാൻ്റെ താരമായിരുന്നു. തുടർന്ന് AC മിലാനിലേക്ക് കൂടുമാറിയ അദ്ദേഹം നീണ്ട 10 വർഷക്കാലം മിലാന് വേണ്ടി പന്ത് തട്ടി. 2011ലാണ് അദ്ദേഹം യുവെൻ്റസിലെത്തിയത്. 4 സീസണുകൾക്ക് ശേഷം സീരി A വിട്ട് MLSലേക്ക് ചേക്കേറിയ താരം 2 സീസണുകളിൽ ന്യൂയോർക്ക് സിറ്റിക്ക് വേണ്ടി ബൂട്ട് കെട്ടിയ ശേഷം 2017ലാണ് കളി അവസാനിപ്പിച്ചത്.