തകർപ്പൻ പ്രകടനം നടത്തി മെസ്സി, ബാഴ്സ ക്വോർട്ടറിൽ

FC ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ക്വോർട്ടർ ഫൈനലിൽ കടന്നു. ഇന്ന് പുലർച്ചെ നടന്ന പ്രീ ക്വോർട്ടർ രണ്ടാം പാദ മത്സരത്തിൽ അവർ നാപ്പോളിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. ബാഴ്സലോണക്ക് വേണ്ടി ക്ലമെൻ്റ് ലെംഗ്ലെറ്റ്, ലയണൽ മെസ്സി, ലൂയി സുവാരസ് എന്നിവരാണ് ഗോളുകൾ നേടിയത്. നാപ്പോളിയുടെ ആശ്വാസ ഗോൾ ലൊറെൻസോ ഇൻസിഗ്നെയുടെ വകയായിരുന്നു. ഈ വിജയത്തോടെ പ്രീ ക്വോർട്ടറിൻ്റെ ഇരു പാദങ്ങളിലുമായി 4-2എന്ന അഗ്രിഗേറ്റ് സ്കോറിലാണ് ബാഴ്സ വിജയിച്ചു കയറിയത്. ക്വോർട്ടറിൽ ബയേൺ മ്യൂണിക്കാണ് അവരുടെ എതിരാളികൾ.

ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ബാഴ്സയുടെ ആധിപത്യമായിരുന്നു. പത്താമത്തെ മിനുട്ടിൽ തന്നെ ലെംഗ്ലെറ്റിലൂടെ അവർ മുന്നിലെത്തി. ഇരുപത്തിമൂന്നാം മിനുട്ടിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. 4 നാപ്പോളി താരങ്ങളെ മറികടന്ന് താരം നേടിയ ഗോൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരുവേള ബോക്സിൽ കാലിടറി വീണിട്ടും പന്ത് വലയിലാക്കാൻ ബാഴ്സ ക്യാപ്റ്റനായി. തുടർന്ന് ആദ്യപകുതിയുടെ അവസാനത്തിൽ കൗളിബാളി മെസ്സിയെ ഫൗൾ ചെയ്തു എന്ന് വിധിച്ച റഫറി ബാഴ്സക്ക് പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത സുവാരസ് പന്ത് വലയിലാക്കിയതോടെ മത്സരം 3 -0 എന്ന നിലയിലായി. എന്നാൽ തൊട്ടടുത്ത നിമിഷത്തിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഇൻസിഗ്നെ നാപ്പോളിക്കായി ഒരു ഗോൾ മടക്കി. ഇടവേള സമയത്ത് ബാഴ്സ 3 -1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോളുകൾ പിറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!