മെസ്സി,ക്രിസ്റ്റ്യാനോ,ലെവ : പീക്കെയുടെ സഹതാരങ്ങളുടെ ബെസ്റ്റ് ഇലവൻ!

ഇന്നലത്തെ മത്സരത്തോടുകൂടി ജെറാർഡ് പീക്കെ തന്റെ ഫുട്ബോൾ കരിയറിന് വിരാമം കുറിച്ചിരുന്നു. 18 വർഷത്തോളം നീണ്ട കരിയറിനാണ് ഇപ്പോൾ പീക്കെ തിരശ്ശീല ഇട്ടിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും ബാഴ്സക്കൊപ്പവും സ്പെയിനിന്റെ ദേശീയ ടീമിനൊപ്പവും നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള താരം കൂടിയാണ് പീക്കെ.

ഒരുപാട് ഇതിഹാസങ്ങൾക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് പീക്കെ.ഇദ്ദേഹത്തിനൊപ്പം കളിച്ച സഹതാരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബെസ്റ്റ് ഇലവൻ ഇപ്പോൾ പ്രമുഖ മാധ്യമമായ സൺ പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.

ഗോൾ കീപ്പറായി കൊണ്ട് സ്പാനിഷ് ഇതിഹാസമായ ഐക്കർ കസിയ്യസാണ് ഇടം നേടുക. പ്രതിരോധനിരയുടെ കാര്യത്തിലേക്ക് വന്നാൽ സെർജിയോ റാമോസ് സെന്റർ ബാക്ക് പൊസിഷനിൽ ഉണ്ടാവും. അദ്ദേഹം സ്പാനിഷ് ടീമിലാണ് പീക്കെക്കൊപ്പം കളിച്ചിട്ടുള്ളത്.ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാന്റും സെന്റർ ബാക്ക് പൊസിഷനിൽ ഉണ്ടാവും.

ഫുൾ ബാക്കുമാരായി കൊണ്ട് ഡാനി ആൾവസും ജോർദി ആൽബയുമാണ് ഇടം നേടിയിട്ടുള്ളത്. ഇരുവരും ബാഴ്സയിൽ പീക്കെക്കൊപ്പം കളിച്ചിട്ടുള്ളവരാണ്. മധ്യനിരയിൽ സാവിയും ഇനിയേസ്റ്റയും ഇടം കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് ഇതിഹാസങ്ങളും പീക്കെക്കൊപ്പം ബാഴ്സയിലും സ്പെയിനിലും ഒരുമിച്ച് കളിച്ചിട്ടുണ്ട്. കൂടാതെ മിഡ്ഫീൽഡിൽ യുണൈറ്റഡ് ഇതിഹാസമായ സ്ക്കോൾസും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

മുന്നേറ്റ നിരയിൽ രണ്ട് വശങ്ങളിലും സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആണ് ഇടം കണ്ടെത്തിയിട്ടുള്ളത്.ഈ രണ്ട് താരങ്ങൾക്കൊപ്പവും കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് പീക്കെ. അതേസമയം സ്ട്രൈക്കർ ആയി കൊണ്ട് റോബർട്ട് ലെവന്റോസ്ക്കിയാണ് ഇടം കണ്ടെത്തിയിട്ടുള്ളത്.ഈ സീസണിൽ ആയിരുന്നു ഇരുവരും ഒരുമിച്ച് കളിച്ചിരുന്നത്.

ഇതാണ് ഇപ്പോൾ സൺ പുറത്ത് വിട്ടിട്ടുള്ള പീക്കെയുടെ സഹതാരങ്ങളുടെ ബെസ്റ്റ് ഇലവൻ. തീർച്ചയായും ഫുട്ബോൾ ലോകത്തെ ഒട്ടേറെ ഇതിഹാസങ്ങൾക്കൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് പീക്കെ എന്നുള്ളത് നിസ്സംശയം നമുക്ക് പറയാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!