സാഞ്ചസിനെ നിലനിർത്തുമോ? ഇന്റർ പ്രസിഡന്റ്‌ പറയുന്നു !

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നായിരുന്നു ചിലിയൻ താരം അലക്സിസ് സാഞ്ചസ് ലോണടിസ്ഥാനത്തിൽ ഇന്റർമിലാനിലേക്ക് ചേക്കേറിയത്. കഴിഞ്ഞ വർഷമായിരുന്നു താരം യുണൈറ്റഡിൽ നിന്ന് ഇന്ററിലേക്ക് ചേക്കേറിയത്. യുണൈറ്റഡിന് വേണ്ടി നാല്പത്തിയഞ്ചു മത്സരങ്ങൾ ആകെ കളിച്ച താരം നേടിയത് കേവലം അഞ്ച് ഗോളുകൾ ആയിരുന്നു. ഇതിനാൽ തന്നെ താരത്തെ യുണൈറ്റഡ് ലോണിൽ അയക്കുകയായിരുന്നു. എന്നാലിപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. കഴിഞ്ഞു കുറച്ചു മത്സരങ്ങളിലായിട്ട് താരം ഇന്ററിന് വേണ്ടി മിന്നുന്ന ഫോമിലാണ്. അവസാനഎട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് താരത്തിന്റെ ബൂട്ടുകളിൽ നിന്ന് പിറന്നത്. ഇതോടെ താരത്തെ നിലനിർത്താൻ ആഗ്രഹമുണ്ടെന്ന് ഇന്റർ പരസ്യമായി അറിയിക്കുകയായിരുന്നു. താരത്തെ സ്ഥിരമാക്കാൻ തങ്ങൾക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ വേതനവും വിലയും സംബന്ധിച്ച ചില കാര്യങ്ങളാണ് ഇതിന് തടസമായി നിൽക്കുന്നതെന്നുമാണ് ഇന്റർ ഡയറക്ടർ ഗിസപ്പെ മറോട്ടയുടെ പ്രസ്താവന.

പക്ഷെ താരത്തെ നിലനിർത്താൻ സാധിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരം വേതനം കുറക്കാൻ സമ്മതിച്ചാലും താരത്തിന് രണ്ട് വർഷം യുണൈറ്റഡിൽ കരാർ ബാക്കിയുള്ളത് കൊണ്ട് നല്ലൊരു തുക തന്നെ യുണൈറ്റഡിന് നൽകേണ്ടി വരും. ഇതുകൊണ്ടാണ് താരത്തെ നിലനിർത്താൻ കഴിയുമെന്ന കാര്യത്തിൽ ഉറപ്പില്ലാത്തത് എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വർഷം ആഷ്‌ലി യങ്, റൊമേലു ലുക്കാക്കു എന്നിവരെ യുണൈറ്റഡിൽ നിന്നും ഇന്റർ സൈൻ ചെയ്തിരുന്നു. ” അദ്ദേഹത്തെ നിലനിർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് അദ്ദേഹത്തിന് രണ്ട് വർഷം കൂടി കരാർ ഉണ്ടാവുമ്പോൾ. ആ കാര്യം തീർച്ചയായും യുണൈറ്റഡ് പരിഗണിക്കുക തന്നെ ചെയ്യും. അദ്ദേഹം മികച്ച കളിക്കാരനാണ്, നല്ലൊരു വ്യക്തിയാണ്. അദ്ദേഹം ഇന്നും നാളെയും തുടർന്നും ഞങ്ങളോടൊപ്പം ഉണ്ടാവുന്നതിൽ സന്തോഷമേയൊള്ളൂ. എന്നാൽ അത് സാധ്യമാവുമെന്നുറപ്പില്ല ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *