ലിവർപൂളിന്റെ ട്രാൻസ്ഫർ പരിപാടികൾ എന്തൊക്കെ? ക്ലോപ് പറയുന്നു

ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂൾ സജീവമായി ഇടപെടില്ലെന്നറിയിച്ച് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലാണ് യുർഗൻ ക്ലോപ് തങ്ങളുടെ ഭാവി പരിപാടികളെ കുറിച്ച് സംസാരിച്ചത്. ശാന്തമായ ഒരു ട്രാൻസ്ഫർ വിൻഡോയാണ് തങ്ങൾക്ക് ആവിശ്യമെന്നാണ് ക്ലോപ് അറിയിച്ചത്. എല്ലാവരെ പോലെയും കോവിഡ് പ്രതിസന്ധി തങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും അനാവശ്യമായി ട്രാൻസ്ഫറുകൾ ഒന്നും നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സ്‌ക്വാഡ് തന്നെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മികച്ച താരങ്ങൾക്ക് വേണ്ടി ലിവർപൂൾ ശ്രമിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് ക്ലോപിന്റെ പ്രസ്താവന. ടിമോ വെർണർക്ക് വേണ്ടി ലിവർപൂൾ രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ചെൽസി ടീമിലെത്തിക്കുകയായിരുന്നു. ഇതുകൂടാതെ ബൊറൂസിയ താരം ജേഡൻ സാഞ്ചോ, ബയേർ ലെവർകൂസൻ താരം കായ് ഹാവേർട്സ്, ബയേൺ താരം തിയാഗോ അൽകാന്ററ എന്നിവരെയൊക്കെ ടീമിൽ എത്തിക്കാൻ ലിവർപൂൾ ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾക്കിടെയാണ് ക്ലോപിന്റെ പ്രസ്താവന.

” ഫുട്‍ബോളിനെ മാത്രമല്ല, ജീവിതത്തിന്റെ എല്ലാ ഭാഗത്തെയും കൊറോണ വൈറസ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. എല്ലാവരും അവരവരുടെതായ ചിലവുകൾ വഹിക്കേണ്ടി വരുന്നുണ്ട്. ഉടനെ തന്നെ എല്ലാ പ്രതിസന്ധികളും മാറുമെന്നാണ് നാം പ്രതീക്ഷിക്കുന്നതെങ്കിലും അതിന് എത്ര സമയം പിടിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ഞങ്ങൾ ഒരിക്കലും കൂടുതൽ മില്യണുകൾ ചിലവഴിക്കാൻ ഉദ്ദേശിക്കുന്നില്ല. വളരെ ചെറിയ രീതിയിൽ, ശാന്തമായ രീതിയിൽ കാര്യങ്ങൾ ചെയ്യാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എല്ലാവരെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ വളരെ തിരക്കേറിയ ഒരു ട്രാൻസ്ഫർ വിൻഡോ ആയിരിക്കും ഇതെന്ന് ഞാൻ കരുതുന്നില്ല. നിലവിലുള്ള സ്‌ക്വാഡിൽ വലിയ മാറ്റങ്ങൾ ഒന്നും വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് ഒരിക്കൽ ഒരു ഫസ്റ്റ് 11 മാത്രമല്ല സ്വന്തമായിട്ടുള്ളത്. ഞങ്ങൾക്ക് ഒരു ഫസ്റ്റ് 16, 17 ഇലവൻ തന്നെ ഉണ്ട്. എന്തെന്നാൽ ഈ താരങ്ങൾ എല്ലാം തന്നെ ഒരേ ലെവലിൽ കളിക്കുന്ന താരങ്ങളാണ്. തീർച്ചയായും ഞങ്ങൾ ഇത് നൂറ് ശതമാനം ഫലപ്രദമായി ഉപയോഗപ്പെടുത്തും “ക്ലോപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *