വംശീയാധിക്ഷേപം: നെയ്മർ ജൂനിയർക്ക് പൂർണ്ണപിന്തുണയുമായി പിഎസ്ജി !

മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ വംശീയാധിക്ഷേപം നേരിട്ടുവെന്ന് തുറന്നു പറഞ്ഞ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് താരത്തിന്റെ ക്ലബായ പിഎസ്ജിയിൽ നിന്നും പൂർണ്ണപിന്തുണ. ക്ലബ് പുറത്തിറക്കിയ ഒരു ഔദ്യോഗികപ്രസ്താവന വഴിയാണ് നെയ്മർക്ക് പൂർണ്ണപിന്തുണ ക്ലബ് പ്രഖ്യാപിച്ചത്. റേസിസത്തിന് സമൂഹത്തിൽ ഒരിടവുമില്ലെന്നും കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി വിവിധ സംഘടനകളുമായി ചേർന്ന് റേസിസത്തിനെതിരെ പോരാടുന്ന ക്ലബാണ് പിഎസ്ജിയെന്നും പ്രസ്താവനയിൽ അറിയിച്ചു. എതിർ താരത്തിന്റെ വംശീയാധിക്ഷേപത്തിന് ഇരയായ നെയ്മർക്ക് പിഎസ്ജി പരിപൂർണ പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് അറിയിച്ചു കൊണ്ടാണ് പിഎസ്ജി പ്രസ്താവനക്ക് തുടക്കം കുറിച്ചത്. മാഴ്സെ താരമായ അൽവാരോ ഗോൺസാലസാണ് നെയ്മറെ കുരങ്ങൻ എന്ന് വിളിച്ചു അധിക്ഷേപിച്ചെന്ന ആരോപണത്തിലെ പ്രതി. ഈ സംഭവത്തിൽ ഫ്രഞ്ച് ഫുട്ബോൾ ഗവേണിങ് ബോഡി വിശദമായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

” എതിർ താരത്തിന്റെ വംശീയാധിക്ഷേപത്തിന് ഇരയായ നെയ്മർ ജൂനിയറെ പിഎസ്ജി ശക്തമായി പിന്തുണക്കുന്നു. സമൂഹത്തിലോ ഫുട്‍ബോളിലോ ജീവിതത്തിലോ റേസിസത്തിന് ഒരിടവുമില്ലെന്ന് പിഎസ്ജി ഒരിക്കൽ കൂടി പുനപ്രസ്ഥാവിക്കുന്നു.ലോകം മുഴുക്കെയുള്ള റേസിസത്തിന്റെ എല്ലാ വിഭാഗങ്ങൾക്കെതിരെയും ശബ്ദിക്കാൻ വേണ്ടി എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചു കൊള്ളുന്നു. എസ്ഒഎസ് റേസിസ്മെ, ലിക്ര,സ്പോർട്ടിട്യൂട് എന്നീ സംഘടനകളുമായി പ്രവർത്തിച്ചു കൊണ്ട് കഴിഞ്ഞ പതിനഞ്ച് വർഷത്തിലധികമായി റേസിസത്തിനെതിരെ പിഎസ്ജി പോരാടുന്നുണ്ട്. എൽഎഫ്പിയുടെ അച്ചടക്ക കമ്മീഷന്റെ അന്വേഷണത്തെയാണ് ഇനി പിഎസ്ജി നോക്കികാണുന്നത് ” ക്ലബ് പ്രസ്താവനയിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!