പിഎസ്ജിയുടെ മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ക്ലബിലെ മൂന്ന് താരങ്ങളുടെ കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതായി പിഎസ്ജി അറിയിച്ചു. കഴിഞ്ഞു ദിവസം പിഎസ്ജി തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ പുറത്തിറക്കിയ കുറിപ്പിലൂടെയാണ് മൂന്ന് താരങ്ങൾക്കും ഒരു സ്റ്റാഫിനും കോവിഡ് പോസിറ്റീവ് ആയതായി അറിയിച്ചത്. തിങ്കളാഴ്ച്ച താരങ്ങൾ പരിശീലനത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായാണ് ക്ലബ്‌ കോവിഡ് പരിശോധന നടത്തിയിരുന്നത്. ഈ മൂന്ന് പേരും രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ ഇവരുമായി ആരെയും സമ്പർക്കം പുലർത്താൻ തങ്ങൾ അനുവദിച്ചിരുന്നില്ലെന്നും ക്ലബ്‌ അറിയിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ക്ലബ്‌ പരിശീലനവുമായി മുന്നോട്ട് പോവുമെന്നും ഔദ്യോഗികപ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സൂപ്പർ താരങ്ങളായ നെയ്മർ,എംബപ്പേ എന്നിവർ പരിശീലനം ആരംഭിച്ചിരുന്നു. നാളെ മുതലാണ് ചെറിയ ഗ്രൂപ്പുകൾ ആയി പരിശീലനം നടത്താൻ പിഎസ്ജി പ്ലാൻ ചെയ്തിരിക്കുന്നത്. അതേ സമയം കോവിഡ് സ്ഥിരീകരിച്ച താരങ്ങളുടെ പേരോ മറ്റു വിവരങ്ങളോ ക്ലബ് പുറത്തുവിട്ടിട്ടില്ല.

ഈ പ്രതിസന്ധിയെ തുടർന്ന് ലീഗ് വൺ നേരത്തെ ഉപേക്ഷിച്ചിരുന്നു. ഒന്നാം സ്ഥാനക്കാരായ പിഎസ്ജിയെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കുകയും ചെയ്തു. ഇനി പിഎസ്ജിയുടെ മുന്നിലുള്ള ലക്ഷ്യം ചാമ്പ്യൻസ് ലീഗ് ആണ്. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിലേക്ക് യോഗ്യത നേടാൻ പിഎസ്ജിക്കായിട്ടുണ്ട്. സൂപ്പർ താരങ്ങളായ നെയ്‌മർ, എംബാപ്പെ, സിൽവ, ഇകാർഡി എന്നിവരെല്ലാം തന്നെ ചാമ്പ്യൻസ് ലീഗിൽ ബൂട്ടണിയും. അതേ സമയം എഡിൻസൺ കവാനി, തോമസ് മുനീർ എന്നിവർ ഷോർട് ടെം കരാറിൽ ഏർപ്പെടാൻ വിസമ്മതിച്ചതിനാൽ ചാമ്പ്യൻസ് ലീഗിൽ കളിച്ചേക്കില്ല. ചാമ്പ്യൻസ് ലീഗിന് മുന്നോടിയായി രണ്ട് ഫൈനലുകൾ കൂടി പിഎസ്ജിക്ക് കളിക്കാനുണ്ട്. ജൂലൈ 24 ന് നടക്കുന്ന കോപ്പ ഡി ഫ്രാൻസിന്റെ ഫൈനലിൽ സെന്റ് എറ്റിനിയാണ് പിഎസ്ജി നേരിടുക. ജൂലൈ 31 ന് നടക്കുന്ന കോപ്പ ഡി ലാ ലിഗേ ഫൈനലിൽ ലിയോണിനെയുമാണ് പിഎസ്ജിക്ക് നേരിടാനുള്ളത്. ഇതിനുള്ള ഒരുക്കത്തിലാണ് പിഎസ്ജി സൂപ്പർ താരങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *