ക്ലബ് വിടണമെന്ന് എംബാപ്പെ പിഎസ്ജിയെ അറിയിച്ചു, ലക്ഷ്യം പ്രീമിയർ ലീഗ്?

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ തനിക്ക് ക്ലബ് വിടണമെന്ന കാര്യം പിഎസ്ജി അറിയിച്ചതായി വാർത്തകൾ. പ്രമുഖ ഫുട്ബോൾ മാധ്യമങ്ങളായ മാർക്കയും മിററുമുൾപ്പടെ ഒട്ടുമിക്ക മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അടുത്ത സമ്മർ ട്രാൻസ്ഫറിൽ, അതായത് ഈ സീസണിന് ശേഷം തനിക്ക് ക്ലബ് വിടണമെന്നാണ് എംബാപ്പെ പിഎസ്ജിയെ അറിയിച്ചത്. ഇതിന് മുമ്പ് തന്നെ താരം ക്ലബ് വിടുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിന്റെ അവസാനം താരം ഈ സീസൺ കൂടി ഉണ്ടാവുമെന്ന് ഉറപ്പ് നൽകിയിരുന്നു. താരത്തെ റയൽ മാഡ്രിഡ്‌ ടീമിലെത്തിക്കുമെന്നാണ് ഇതുവരെ എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറി മറിയുന്നതായാണ് റിപ്പോർട്ടുകൾ. താരത്തിന് പ്രിയം പ്രീമിയർ ലീഗ് ആണ് എന്നാണ് ഈ മാധ്യമങ്ങൾ ഒക്കെ തന്നെയും ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

താരം മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കോ ലിവർപൂളിലേക്കോ കൂടുമാറാനാണ് സാധ്യത എന്നാണ് ദി ടൈംസ് റിപ്പോർട്ട്‌ ചെയ്യുന്നത്. താരത്തെ ഏറ്റവും കൂടുതൽ ലക്ഷ്യമിട്ട ക്ലബായ റയൽ മാഡ്രിഡിനെ താരം പരിഗണിച്ചേക്കില്ല എന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ലിവർപൂളാണ് താരത്തിന്റെ പുതിയ ലക്ഷ്യമെന്നാണ് ദി ടൈംസിന്റെ കണ്ടെത്തൽ. നിലവിൽ താരത്തിന് ഇനിയും വർഷങ്ങൾ പിഎസ്ജിയിൽ കരാർ അവശേഷിക്കുന്നുണ്ട്. താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. 2018-ലായിരുന്നു 165 മില്യൺ പൗണ്ടിന് താരം മൊണോക്കോയിൽ നിന്ന് പിഎസ്ജിയിൽ എത്തിയത്. തുടർന്ന് മിന്നും പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. താരം റയലിന്റെയും സിറ്റിയുടെയും ബാഴ്സയുടേയുമൊക്കെ ഓഫർ നിരസിച്ചേക്കും എന്നാണ് വാർത്തകൾ. ലിവർപൂളിനോടുള്ള ഇഷ്ടം താരം കഴിഞ്ഞ ജനുവരിയിൽ തുറന്നു പറഞ്ഞിരുന്നു. ഏതായാലും വിശദമായ വിവരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *