മെസ്സി ഇല്ലാത്ത ബാഴ്‌സയെ എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല, മനസ്സ് തുറന്ന് സെർജി റോബെർട്ടോ !

സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാത്ത ഒരു ബാഴ്സയെ സങ്കൽപ്പിക്കുക എന്നുള്ളത് ഓരോ ബാഴ്സ ആരാധകനും നിലവിൽ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. പ്രത്യേകിച്ച് മെസ്സി ഇപ്രാവശ്യം ക്ലബ് വിടാൻ തീരുമാനിച്ചപ്പോൾ അത്തരത്തിലുള്ള ഒരു അവസ്ഥയെ മുന്നിൽ കണ്ടവരാണ് ആരാധകർ. എന്നാൽ താരം ബാഴ്‌സയിൽ തന്നെ തുടരാൻ തീരുമാനിച്ചപ്പോഴാണ് ആരാധകർക്ക് ശ്വാസം നേരെ വീണത്. ഇപ്പോഴിതാ ഇതേ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മെസ്സിയുടെ സഹതാരമായ സെർജി റോബെർട്ടോ. മെസ്സി ഇല്ലാത്ത ഒരു ബാഴ്‌സയെ തനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ആർഎസി വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ പറ്റി മനസ്സ് തുറന്നത്. അദ്ദേഹം കൂടെയുണ്ടെങ്കിൽ ഞങ്ങൾ കരുത്തരാവുമെന്നും അദ്ദേഹം തുടരാൻ തീരുമാനിച്ചതിൽ താൻ വളരെയധികം സന്തോഷവാനാണുമെന്നും റോബെർട്ടോ അറിയിച്ചു.

” മെസ്സി മുമ്പത്തെ പോലെ നൂറ് ശതമാനവും കറ്റാലൻ തന്നെയാണ്. അദ്ദേഹത്തിന് ഞങ്ങളോടൊപ്പം തുടരാൻ താല്പര്യമില്ല എന്നുള്ളത് വ്യാജമാണ്. അദ്ദേഹം ഞങ്ങളുടെ ക്യാപ്റ്റനാണ്. ബാഴ്സയിലെ ഏറ്റവും മികച്ച താരമാണ്. ഫുട്ബോൾ ചരിത്രത്തിൽ അദ്ദേഹത്തിന് ഒരു സ്ഥാനം തന്നെയുണ്ട്. മെസ്സിയില്ലാത്ത ഒരു ബാഴ്‌സയെ എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയുന്നില്ല. മെസ്സി എന്ത് തീരുമാനം എടുത്താലും ഞങ്ങൾ അതിനെ ബഹുമാനിക്കും. ക്ലബ്ബിനായി എല്ലാം നൽകാൻ കഴിവുള്ള, തയ്യാറുമുള്ള താരമാണ് മെസ്സി. അത്കൊണ്ട് തന്നെ മറ്റൊരു ക്ലബ്ബിലെ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഏതൊരു താരത്തിനായാലും ആഗ്രഹമുണ്ടാകും. മെസ്സി ബാഴ്സയോടൊപ്പം ഉണ്ടെങ്കിൽ ഞങ്ങൾ കരുത്തരാവും. ഞാൻ മെസ്സിയോടൊപ്പം ഉള്ളപ്പോൾ ഞാൻ മനസ്സിലാക്കിയത് അദ്ദേഹത്തിന് മുമ്പുണ്ടായിരുന്ന ആഗ്രഹങ്ങളും ലക്ഷ്യങ്ങളും തന്നെയാണ് ഇപ്പോഴും ഉള്ളത്. അദ്ദേഹം വളരെയധികം പ്രൊഫഷണലാണ്. മെസ്സി തുടരാൻ തീരുമാനിച്ചതിൽ ഞാൻ സന്തോഷവാനാണ് ” റോബെർട്ടോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *