സംശയങ്ങൾ ഒന്നുമില്ല, ലയണൽ മെസ്സി തന്നെ ബാഴ്സലോണയുടെ ക്യാപ്റ്റൻ!

വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ ഇതിഹാസതാരമായ ലയണൽ മെസ്സിയെ തിരികെ ക്ലബ്ബിലേക്ക് തന്നെ എത്തിക്കുക എന്നുള്ളതാണ് എഫ്സി ബാഴ്സലോണയുടെ ഏറ്റവും വലിയ ലക്ഷ്യം. അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോഴും അവർ തുടർന്നുകൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ച ലയണൽ മെസ്സി പിഎസ്ജിയോട് വിടപറയും എന്നുള്ള കാര്യം ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മെസ്സിയുടെ അടുത്ത ലക്ഷ്യസ്ഥാനം ഏതാണ് എന്നുള്ളത് വ്യക്തവുമല്ല.

പക്ഷേ മെസ്സിക്ക് ബാഴ്സയിലേക്ക് തിരിച്ചെത്താൻ തന്നെയാണ് ആഗ്രഹമെന്നത് എല്ലാവരും റിപ്പോർട്ട് ചെയ്ത കാര്യമാണ്.ലയണൽ മെസ്സിയെ എത്തിക്കാൻ കഴിയും എന്ന് തന്നെയാണ് ബാഴ്സ ഉറച്ചു വിശ്വസിക്കുന്നത്. മാത്രമല്ല മെസ്സിയെ തിരികെ എത്തിച്ചു കഴിഞ്ഞാൽ ബാഴ്സയുടെ ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെയായിരിക്കും. അതിൽ യാതൊരുവിധ സംശയങ്ങളും ഇല്ല. ബാഴ്സയുടെ ഡ്രസ്സിംഗ് റൂമിൽ ഇക്കാര്യത്തിൽ ആർക്കും തന്നെ എതിർപ്പുകൾ ഇല്ല എന്നത് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2021ൽ ക്ലബ്ബ് വിടുന്ന സമയത്ത് ലയണൽ മെസ്സി തന്നെയായിരുന്നു ബാഴ്സലോണയുടെ നായകൻ. പിന്നീട് സെർജിയോ ബുസ്ക്കെറ്റ്സ് ക്ലബ്ബിന്റെ നായക സ്ഥാനത്തേക്ക് എത്തിയിരുന്നു. അദ്ദേഹത്തെ കൂടാതെ ജെറാർഡ് പീക്കെ,ജോർഡി ആൽബ,സെർജി റോബെർട്ടോ എന്നിവരും ക്യാപ്റ്റൻമാരായിരുന്നു.പീക്കെ വിരമിച്ചതോടെ കൂടി ഗോൾ കീപ്പറായ ടെർ സ്റ്റീഗനെ ബാഴ്സ ആ സ്ഥാനത്തേക്ക് പരിഗണിക്കുകയായിരുന്നു. ഏതായാലും അടുത്ത സീസണിൽ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ക്ലബ്ബിനോട് വിട പറയുകയാണ്. അതുകൊണ്ടുതന്നെ ക്യാപ്റ്റൻ സ്ഥാനങ്ങളിൽ വലിയ അഴിച്ചു പണി ബാഴ്സ നടത്തും.

ലയണൽ മെസ്സി എത്തുകയാണെങ്കിൽ അദ്ദേഹം തന്നെയായിരിക്കും ഒന്നാം ക്യാപ്റ്റൻ. പിന്നീട് ടെർ സ്റ്റീഗനും സെർജി റോബെർട്ടോയും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല റൊണാൾഡ് അരൗഹോ,റോബർട്ട് ലെവന്റോസ്ക്കി എന്നിവരെയൊക്കെ ബാഴ്സ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വാർത്തകൾ ഉണ്ട്.ഏതായാലും മെസ്സി തിരിച്ചെത്തുകയാണെങ്കിൽ അദ്ദേഹം തന്നെയായിരിക്കും ക്യാപ്റ്റന്റെ ആം ആൻഡ് അണിയുക എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!