ഇത് ‘മോശം ലീഗു’കാരുടെ ചാമ്പ്യൻസ് ലീഗ്, ഇങ്ങനെ സംഭവിക്കുന്നത് ചരിത്രത്തിലാദ്യം !

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അട്ടിമറി തോൽവിയേറ്റുവാങ്ങാനായിരുന്നു പെപ് ഗ്വാർഡിയോളയുടെ യോഗം. ഇതോടെ അവസാനിച്ചത് ചാമ്പ്യൻസ് ലീഗിലെ ഏക പ്രീമിയർ ലീഗിലെ സാന്നിധ്യം കൂടിയാണ്. ഇതോടെ സെമി ഫൈനലിൽ ഇടം പിടിച്ച നാല് ക്ലബുകളും ബുണ്ടസ്ലിഗ, ലീഗ് വൺ എന്നീ ലീഗുകളിൽ നിന്നുള്ളവരാണ്. ലീഗ് വൺ ക്ലബായ പിഎസ്ജി ബുണ്ടസ്‌ലീഗയിലെ ആർബി ലെയ്പ്സിഗിനെ നേരിടുമ്പോൾ മറുഭാഗത്ത് ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേൺ ഫ്രഞ്ച് ലീഗിലെ ലിയോണിനെ നേരിടും. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് ലിയോണും ലെപ്സിഗും സെമിയിൽ എത്തിയത് എന്ന കാര്യത്തിൽ സംശയമില്ല. യുവന്റസിനെയും സിറ്റിയെയും തകർത്തെറിഞ്ഞു കൊണ്ടാണ് ലിയോണിന്റെ വിജയകുതിപ്പ്. ടോട്ടൻഹാമും അത്ലറ്റികോ മാഡ്രിഡുമാണ് ലീപ്സിഗിന് മുന്നിൽ കീഴടങ്ങിയത്. അതായത് മോശം ലീഗുകൾ എന്ന് മുദ്രകുത്തപ്പെട്ടവർ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു.

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ തലതൊട്ടപ്പന്മാരായ പ്രീമിയർ ലീഗ്, ലാലിഗ, സിരി എ എന്നീ ലീഗുകളിലെ ഒരു ക്ലബിന് പോലും ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ഇടംപിടിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് ഈ ചാമ്പ്യൻസ് ലീഗിന്റെ പ്രത്യേകത. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് ഈ മൂന്നു ലീഗുകളിൽ നിന്ന് ഒരു ക്ലബിന് പോലും സെമി ഫൈനലിൽ ഇടംനേടാനാവാതെ പോവുന്നത്. കൂടാതെ മുൻപ് കിരീടം നേടിയ ഒരേയൊരു ടീം മാത്രമേ ഈ തവണ സെമിയിൽ ഒള്ളൂ. അത് ബയേൺ മ്യൂണിക്കാണ്. ബാക്കി മൂന്ന് ടീമുകളും ഇത് വരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല. ബയേൺ പുറത്തായാൽ പുതിയ ചാമ്പ്യൻമാർ പിറക്കുമെന്നർത്ഥം. ഏതായാലും പതിവ് രീതികളിൽ നിന്ന് ഒരല്പം വിത്യസ്തമാണ് ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ്. രണ്ട് പാദങ്ങൾ ഇല്ല, നിക്ഷ്പക്ഷ വേദികളാണ് എന്നതിന് പുറമെ പ്രീമിയർ ലീഗിലെയും ലാലിഗയിലെയും സാന്നിധ്യം ഇല്ലാതെയാണ് സെമി ഫൈനൽ നടക്കാൻ പോവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!