വെടിച്ചില്ല് ഗോളുകളുമായി മെസ്സിയും ഗ്രീസ്‌മാനും, ഉജ്ജ്വലവിജയത്തോടെ ബാഴ്സ കണക്കുതീർത്തു !

ലാലിഗയിൽ അല്പം മുമ്പ് നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക്‌ ഉജ്ജ്വലവിജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്‌സ ഒസാസുനയെ തകർത്തു വിട്ടത്. ഇതുവഴി അവസാനമായി കളിച്ച മത്സരത്തിൽ ഒസാസുനയോടേറ്റ തോൽവിക്ക്‌ കണക്കുതീർക്കാനും ബാഴ്സക്ക്‌ സാധിച്ചു. സൂപ്പർ താരങ്ങളെല്ലാം തന്നെ ബാഴ്സക്ക്‌ വേണ്ടി ഗോൾ നേടുകയായിരുന്നു. ഗ്രീസ്‌മാൻ, മെസ്സി, കൂട്ടീഞ്ഞോ എന്നിവർക്ക്‌ പുറമേ മാർട്ടിൻ ബ്രൈത്വെയിറ്റും ഗോൾ കണ്ടെത്തുകയായിരുന്നു. മത്സരത്തിലുടനീളം സർവ്വാധിപത്യം പുലർത്തിയ ബാഴ്സക്ക്‌ അനേകം ഗോളവസരങ്ങളും ലഭിച്ചു. മത്സരത്തിൽ ഉജ്ജ്വലപ്രകടനം നടത്തിയ ഗ്രീസ്‌മാൻ കയ്യടി നേടി. ജയത്തോടെ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് കയറാൻ ബാഴ്സക്ക്‌ സാധിച്ചു. ഒമ്പത് മത്സരങ്ങളിൽ നിന്ന് പതിനാലു പോയിന്റ് ആണ് ബാഴ്സയുടെ സമ്പാദ്യം.

ഗ്രീസ്‌മാൻ, ബ്രൈത്വെയിറ്റ്, മെസ്സി, കൂട്ടീഞ്ഞോ, പെഡ്രി എന്നിവരെ അണിനിരത്തിയാണ് കൂമാൻ തന്ത്രങ്ങൾ മെനഞ്ഞത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ബാഴ്‌സ ആക്രമണങ്ങൾ നടത്തി. ഒടുവിൽ 29-ആം മിനുട്ടിൽ ബോക്സിൽ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ബ്രൈത്വെയിറ്റ് ഗോൾ കണ്ടെത്തി. 42-ആം മിനിട്ടിലാണ് ഗ്രീസ്‌മാന്റെ ഗോൾ വരുന്നത്. ബോക്സിന് പുറത്ത് നിന്നും വെടിച്ചില്ല് കണക്കെയുള്ള ഉജ്ജ്വലഷോട്ട് ഗോൾ വലയെ തുളച്ചു കയറുകയായിരുന്നു. രണ്ടാം പകുതിയിലും ബാഴ്‌സയുടെ ആധിപത്യം തുടർന്നു. ഫലമായി 57-ആം മിനുട്ടിൽ ഗ്രീസ്‌മാന്റെ അസിസ്റ്റിൽ നിന്നും കൂട്ടീഞ്ഞോ വലകുലുക്കി. തുടർന്നാണ് മെസ്സിയുടെ ഗോൾ വരുന്നത്. ട്രിൻക്കാവോ നൽകിയ പാസ് സ്വീകരിച്ച് പ്രതിരോധവകഞ്ഞു മാറ്റിയ മെസ്സി ഉഗ്രൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ബാഴ്‌സ താരങ്ങൾ ഒന്നടങ്കം മികച്ച പ്രകടനം നടത്തിയത് കൂമാന് ആശ്വാസം നൽകുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *