മെസ്സി രണ്ട് വർഷം കൂടി ബാഴ്‌സയിൽ കാണും, ഫാറ്റി ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളാവും, മുൻ ബാഴ്സ ഇതിഹാസം പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സി രണ്ട് വർഷം കൂടി ബാഴ്സയിൽ തുടരുമെന്നാണ് താൻ കരുതുന്നതെന്ന് മുൻ ബാഴ്സ-ബ്രസീൽ ഇതിഹാസം റിവാൾഡോ. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിലാണ് റിവാൾഡോ ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. മെസ്സി ബാഴ്സ വിടുന്നതിനു മുമ്പ് എന്തും സംഭവിക്കാമെന്നും പുതിയ പ്രസിഡന്റ് വരുന്നതോടെ മെസ്സിയുടെ മനസ്സ് മാറുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മെസ്സിക്ക് ശേഷം അൻസു ഫാറ്റി ബാഴ്സയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായി മാറുമെന്നും ഇദ്ദേഹം അറിയിച്ചു. ബാഴ്സയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പേരുകളിൽ ഇടം നേടാൻ അൻസു ഫാറ്റിക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഭാവിയിൽ മെസ്സിയോടൊപ്പം ഫാറ്റിയെയും താരതമ്യം ചെയ്യാനുള്ള സാധ്യതകൾ താൻ കാണുന്നുണ്ടെന്നും റിവാൾഡോ അറിയിച്ചു.

“സുവാരസിന്റെയും വിദാലിന്റെയും ക്ലബ് വിടലോടെ മെസ്സിയും അടുത്ത സീസണിൽ ക്ലബ് വിടുമെന്നാണ് വ്യക്തമാവുന്നത്. പക്ഷെ ഞാൻ ഇപ്പോഴും ചിന്തിക്കുന്നത് അദ്ദേഹത്തിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ്. അദ്ദേഹത്തിന് ഡ്രസിങ് റൂമിനകത്ത് പുതിയ കൂട്ടുക്കാരെ ഉണ്ടാക്കിയെടുക്കാം. മാത്രമല്ല 2021-ൽ പ്രസിഡന്റ്‌ ഇലക്ഷൻ വരുന്നുണ്ട് എന്നുള്ളത് നിലവിലെ സാഹചര്യങ്ങളെ മാറ്റി മറിക്കാൻ സാധ്യതയുണ്ട്. നിലവിലെ പ്രസിഡന്റിനും മെസ്സിക്കും ഇടയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമ്മുക്കറിയില്ല. എന്നാൽ അദ്ദേഹത്തിന്റെ മനസ്സ് മാറുമെന്നും രണ്ട് വർഷത്തേക്ക് അദ്ദേഹം കരാർ നീട്ടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. വലിയൊരു റിലീസ് ക്ലോസ് വെച്ച് കൊണ്ട് അൻസു ഫാറ്റി ക്ലബുമായുള്ള കരാർ പുതുക്കിയിട്ടുണ്ട്. തീർച്ചയായും അദ്ദേഹം ബാഴ്‌സയുടെ ഭാവി താരമാണ്. അദ്ദേഹത്തിന്റെ വലിയ റിലീസ് ക്ലോസ് കാണിക്കുന്നത് അദ്ദേഹത്തിൽ ബാഴ്സക്ക് വലിയ പ്രതീക്ഷയുണ്ട് എന്നാണ്. ബാഴ്സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാവാൻ ഫാറ്റിക്ക് കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പലരും ഒരിക്കൽ മെസ്സിയെയും ഫാറ്റിയെയും താരതമ്യം ചെയ്യപ്പെടുമെന്നും പ്രതീക്ഷിക്കുന്നുണ്ട് ” റിവാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *