നെയ്മറും മെസ്സിയും ബാഴ്‌സയിൽ ഒരുമിക്കുമോ? അഭിപ്രായം തുറന്നു പറഞ്ഞ് കൂമാൻ !

സൂപ്പർ താരം നെയ്മർ ജൂനിയറുടെ പ്രസ്താവന തന്നെയാണ് ഇപ്പോഴും ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. മെസ്സിക്കൊപ്പം ഒരുമിക്കാൻ ആഗ്രഹമുണ്ടെന്നും അടുത്ത സീസണിൽ അത്‌ സാധ്യമാവുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് നെയ്മർ പ്രസ്താവിച്ചിരുന്നത്. ഇതോടെ മെസ്സി പിഎസ്ജിയിലേക്ക് എന്ന തരത്തിൽ പ്രധാനപ്പെട്ട മാധ്യമങ്ങൾ ഉൾപ്പടെ വാർത്തകൾ പുറത്തു വിട്ടു തുടങ്ങി. ഏതായാലും ഇതിനോട് ബന്ധപ്പെട്ട ഒരു ചോദ്യം ഇന്നത്തെ പത്രസമ്മേളനത്തിൽ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാന് നേരിടേണ്ടി വന്നിരുന്നു. മെസ്സിയും നെയ്മറും ബാഴ്സയിൽ ഒരുമിക്കുമോ എന്നാണ് മാധ്യമപ്രവർത്തകർ കൂമാനോട്‌ ചോദിച്ചത്. ഇരുവരും ബാഴ്സയിൽ ഒരുമിക്കുകയാണെങ്കിൽ അത്‌ ടീമിനെ കൂടുതൽ മികച്ചതാക്കുമെന്നും മികച്ച താരങ്ങൾ ക്ലബ്ബിൽ ഉണ്ടായിരിക്കാൻ വേണ്ടി ക്ലബുകൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുമെന്നുമാണ് കൂമാൻ ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

” ഒരു ക്ലബ് എന്ന നിലയിൽ ഏറ്റവും മികച്ച താരങ്ങളെ ഇവിടെ എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. ഓരോ വ്യക്തികളുടെ കാര്യം എടുത്തു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷെ ഒരു താരമെന്ന നിലയിൽ, ഒരു പരിശീലകൻ എന്ന നിലയിൽ, ഒരു ബാഴ്സ ആരാധകൻ എന്ന നിലയിൽ ഏറ്റവും മികച്ച താരങ്ങൾ നിങ്ങളുടെ ടീമിനകത്ത് ഉണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കും. ഈ രണ്ട് പേരും നിങ്ങളുടെ ടീമിൽ ഒരുമിക്കുകയാണെങ്കിൽ, അത്‌ ടീമിനെ കൂടുതൽ മികവുറ്റതാക്കും ” കൂമാൻ പറഞ്ഞു
അതേസമയം നെയ്മർ ബാഴ്സയിൽ എത്താൻ സാധ്യതകൾ കുറവാണ് എന്ന് കഴിഞ്ഞ ദിവസം ബാഴ്‌സയുടെ താത്കാലിക പ്രസിഡന്റ്‌ ടുസ്ക്കെറ്റ്സ് പറഞ്ഞിരുന്നു. നെയ്‌മറെ ഫ്രീ ആയിട്ട് ലഭിക്കുകയാണെങ്കിൽ സ്വീകരിക്കാമെന്നായിരുന്നു ആർഎസി വണ്ണിനോട്‌ ഇദ്ദേഹം പ്രസ്താവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *