ഡെംബലെയെ വിറ്റ് നെയ്മറെ തിരികെയെത്തിക്കണമെന്ന് റിവാൾഡോ

ബാഴ്സയുടെ ഫ്രഞ്ച് സ്ട്രൈക്കെർ ഉസ്മാൻ ഡെംബലെയെ കൈമാറി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ തിരികെയെത്തിക്കണമെന്ന് മുൻ ബാഴ്സ ഇതിഹാസം റിവാൾഡോ. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഡെംബലെയെ ബാഴ്സ വിളിക്കണമെന്ന് ആവശ്യപ്പെട്ടത്. ബാഴ്സ പിഎസ്ജിയുമായി ഉടനെ ചർച്ച നടത്തി ഡീൽ നടത്തണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. ഡെംബലെയെ പിഎസ്ജി ക്ലബിലെത്തിക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു റിവാൾഡോ. ഇന്റർമിലാന്റെ ലൗറ്ററോയെ ടീമിലെത്തിക്കാൻ കഴിയുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപും ഡെംബലെക്കെതിരെ വിമർശനങ്ങളുമായി റിവാൾഡോ രംഗത്ത് വന്നിരുന്നു. മൂന്നു വർഷത്തോളം ക്ലബിൽ ഉണ്ടായിട്ടും പ്രതിഭ തെളിയിക്കാൻ കഴിയാത്ത ഡെംബലെ ബാഴ്‌സക്ക് ഇനി ആവിശ്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

” ഡെംബലെയിൽ പിഎസ്ജി താല്പര്യം പ്രകടിപ്പിച്ചുള്ള ചില വാർത്തകൾ ഞാൻ കേട്ടിരുന്നു. തീർച്ചയായും ഡെംബലെ മികച്ച താരം തന്നെയാണ്. എന്നാൽ ഇത് നെയ്മറെ തിരികെയെത്തിക്കാൻ ബാഴ്‌സക്കുള്ള ഒരു സുവർണ്ണാവസരമായാണ് ഞാൻ കാണുന്നത്. ബാഴ്സ പിഎസ്ജിയുമായി ചർച്ചകൾ നടത്തണം. തീർച്ചയായും ബാഴ്സ കുറച്ചു പണം അധികമായും നൽകേണ്ടി വരും. എന്നിരുന്നാലും ഈ ട്രാൻസ്ഫർ നടന്നാൽ അത് ഇരുടീമുകൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. തീർച്ചയായും ഡെംബലെക്കും അത് ഒരുപാട് സഹായകരമാവും. അദ്ദേഹത്തിന്റെ ഫോം തിരിച്ചെടുക്കാൻ പിഎസ്ജിയിൽ കഴിയും. സ്വദേശത്ത് കളിക്കുന്നത് ഡെംബലെക്ക് ഒരുപാട് ഗുണങ്ങൾ ചെയ്യും. തീർച്ചയായും ഈ ഡീൽ നടക്കുക ആണെങ്കിൽ അതൊരു നല്ല കാര്യമായിരിക്കും. പക്ഷെ കാര്യങ്ങൾ തീരുമാനിക്കുന്നത് ക്ലബുകളാണ്. അത്കൊണ്ട് തന്നെ കാത്തിരുന്നു കാണാം ” റിവാൾഡോ അഭിമുഖത്തിൽ പറഞ്ഞു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് നെയ്മർ ജൂനിയർ. താരത്തെ ടീമിലെത്തിക്കാൻ ബാഴ്സ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് വന്ന സാമ്പത്തികപ്രതിസന്ധി ബാഴ്സയെ പിന്നോട്ടടിപ്പിക്കുകയായിരുന്നു. കൂടാതെ സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡും നെയ്മറിൽ കണ്ണുവെച്ചിരുന്നു. ലോകറെക്കോർഡ് തുകക്ക് ടീമിലെത്തിയ താരത്തെ കൈവിടാൻ പിഎസ്ജിക്ക് താല്പര്യവുമില്ല. എന്നാൽ കഴിഞ്ഞ ദിവസം താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് മുന്നിൽ കൃത്യമായ വില പറഞ്ഞു വെച്ചിരിക്കുകയാണ് പിഎസ്ജി. പ്രമുഖഫുട്ബോൾ മാധ്യമമായ ഡെയിലി മെയിൽ ആണ് നെയ്മർക്ക് പിഎസ്ജി വിലയിട്ട കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. 155 മില്യൺ പൗണ്ട് (175 മില്യൺ യുറോ) ആണ് താരത്തെ സ്വന്തമാക്കാൻ വേണ്ടി മറ്റുള്ള ക്ലബുകൾ പിഎസ്ജിക്ക് നൽകേണ്ടി വരുന്നത്.അത് മാത്രമല്ല, യാതൊരു വിധ സ്വാപ് ഡീലിനും തങ്ങൾ തയ്യാറല്ല എന്നും അവർ അറിയിച്ചിരുന്നു. അത്കൊണ്ട് തന്നെ ഡെംബലെ-നെയ്മർ ട്രാൻസ്ഫർ നടക്കാൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *