ക്രിസ്റ്റ്യാനോ ബാഴ്‌സയിലേക്കെന്ന വാർത്ത പരക്കുന്നു, യാഥാർഥ്യം എന്ത്?

ഫുട്ബോൾ ലോകത്ത് ഇന്ന് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ച ഒരു അഭ്യൂഹമായിരുന്നു യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ എഫ്സി ബാഴ്സലോണക്ക് ഓഫർ ചെയ്തു എന്ന വാർത്ത. വളരെ വേഗത്തിൽ ഇത് ഫുട്ബോൾ ലോകത്ത് പ്രചരിക്കുകയും പ്രമുഖമാധ്യമങ്ങൾ ഉൾപ്പടെ ഇത് ഏറ്റെടുക്കുകയും ചർച്ചക്കിടയുകയും ചെയ്തു. എന്നാൽ ഈ വാർത്തയുടെ ഉറവിടം എന്നുള്ളത് വളരെ വിശ്വസനീയമായതോ അതല്ലെങ്കിൽ ആധികാരികത ഉള്ളതോ അല്ല. സത്യത്തിൽ സ്പാനിഷ് ഫുട്ബോൾ പണ്ഡിതനായ ഗില്ലം ബലെഗിന്റെ ഒരു വാചകത്തെ ഉദ്ധരിച്ചു കൊണ്ടാണ് ഇത്രയധികം വാർത്തകൾ പറഞ്ഞത്. ബിബിസി റേഡിയോ ഫൈവ് ലൈവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ക്ലബുകൾക്കെല്ലാം റൊണാൾഡോയെ ഓഫർ ചെയ്തിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം കൂടെ ബാഴ്സലോണ എന്ന് കൂടെ പരാമർശിച്ചതാണ് ഈ റൂമറുകൾക്ക് കാരണം. അല്ലാതെ മറ്റൊരു അടിസ്ഥാനപരമായ ഒന്നും തന്നെ ഇതിന് ഉറവിടമായി ലഭിച്ചിട്ടില്ല.

ഗില്ലം ബലെഗിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ക്രിസ്റ്റ്യാനോയെ ടീമിലെത്തിക്കാൻ പിഎസ്ജി കൂടുതൽ ചിന്തിച്ചിട്ടൊന്നുമില്ല. യഥാർത്ഥത്തിൽ അതിന് കാരണം ഒരു ആറു മാസങ്ങൾക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി മറ്റൊരു ക്ലബ് കണ്ടുപിടിക്കാൻ അദ്ദേഹത്തിന്റെ ഏജന്റ് ജോർജേ മെൻഡസിനോട്‌ യുവന്റസ് ആവിശ്യപ്പെട്ടിരുന്നു. താരത്തിന്റെ സാലറി താങ്ങാൻ കഴിയുന്നതിലുമപ്പുറമായതിനാലാണ് അത്. അത്കൊണ്ട് തന്നെ ആറു മാസത്തിനിടെ ഒരുപാട് ക്ലബുകളുമായി ബന്ധപ്പെട്ടു. റയൽ മാഡ്രിഡ്‌, പിഎസ്ജി, ഇവരൊക്കെ ഇത് നിരസിച്ചു. ഒടുവിൽ എംഎൽഎസ്സിലേക്ക് നോക്കി. അതും നടന്നില്ല. സത്യത്തിൽ ബാഴ്സയടക്കമുള്ള ഒട്ടുമിക്ക ക്ലബുകൾക്കും താരത്തെ ഓഫർ ചെയ്തു “. ഇതാണ് അദ്ദേഹം പറഞ്ഞത്. ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ കൊണ്ട് മാത്രമാണ് ഈ വാർത്ത ഫുട്ബോൾ ലോകത്ത് ഇത്രയധികം പ്രചരിക്കാൻ കാരണം. അല്ലാതെ വിശ്വസനീയമായ യാതൊരു ഉറവിടവും ഈ വാർത്തക്കില്ല എന്നതാണ് യാഥാർഥ്യം.

Leave a Reply

Your email address will not be published. Required fields are marked *