എന്ത്കൊണ്ട് കൂട്ടീഞ്ഞോ ഗംഭീരപ്രകടനം കാഴ്ച്ചവെക്കുന്നു, വിശദീകരണവുമായി കൂമാൻ !

ഈ ലാലിഗയിൽ നടന്ന രണ്ട് മത്സരത്തിലും മിന്നും പ്രകടനമാണ് ബാഴ്‌സയുടെ ബ്രസീലിയൻ താരം ഫിലിപ്പെ കൂട്ടീഞ്ഞോ പുറത്തെടുത്തത്. കഴിഞ്ഞ രണ്ട് മത്സരത്തിലും അസിസ്റ്റുകൾ സ്വന്തമാക്കിയ താരം മൈതാനത്തിലുടനീളം കളി മെനയുന്നത് കാണാൻ സാധിച്ചിരുന്നു. പ്രത്യേകിച്ച് സെൽറ്റ വിഗോക്കെതിരെയുള്ള താരത്തിന്റെ പ്രകടനം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. കളത്തിനകത്ത് കൂടുതൽ ആത്മവിശ്വാസമുള്ളവനായി കൂട്ടീഞ്ഞോയെ കാണാൻ സാധിച്ചിരുന്നു. കൂമാന്റെ ശൈലിയോട് അതിവേഗം ഇണങ്ങി ചേരാൻ താരത്തിന് സാധിച്ചു എന്നുള്ളത് യാഥാർഥ്യമായ ഒരു കാര്യമാണ്. ഇപ്പോഴിതാ കൂട്ടീഞ്ഞോ എന്ത് കൊണ്ട് മിന്നുന്ന ഫോമിൽ കളിക്കുന്നു എന്നുള്ള ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് പരിശീലകനായ കൂമാൻ. അദ്ദേഹം മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിൽ അതിന് കാരണം കൂട്ടീഞ്ഞോ തന്നെയാണ് എന്നാണ് കൂമാന്റെ അഭിപ്രായം. താരത്തെ യഥാർത്ഥ പൊസിഷനിൽ ചേർക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് കൂമാൻ കൂട്ടീഞ്ഞോയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയത്.

“ഇതൊരു നല്ല ചോദ്യമാണ്. വളരെ ലളിതമായ ഒരു ഉത്തരമാണ് അതിനുള്ളത്. കൂട്ടീഞ്ഞോ ഒരു മികച്ച താരമാണ്. ഇംഗ്ലണ്ടിൽ നിന്നും ബയേൺ മ്യൂണിക്കിൽ നിന്നും ഒരുപാട് പഠിച്ച താരമാണ് കൂട്ടീഞ്ഞോ. ഓരോ താരത്തിൽ നിന്നും മികച്ച പ്രകടനം പുറത്തെടുപ്പിക്കുക എന്നുള്ളതാണ് പരിശീലകൻ എന്ന നിലയിൽ എന്റെ ജോലി. അവർക്ക് അവരുടേതായ പൊസിഷൻ നൽകുകയാണ് ഞാൻ ചെയ്തത്. എനിക്ക് തോന്നുന്നു അതാണ് അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. ഇതെല്ലാം തന്നെ സഹായകരമാവുന്ന കാര്യമാണ്. പക്ഷെ ഇതെല്ലാം തുടങ്ങുന്നത് ആ താരത്തിന്റെ ക്വാളിറ്റി അടിസ്ഥാനമാക്കിയാണ്. കൂട്ടീഞ്ഞോ മികച്ച ഒരു താരമാണ് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *