പെലെക്കും മറഡോണക്കുമൊപ്പം ഇനി മെസ്സിയും നിലകൊള്ളും!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ചാമ്പ്യനായ ലയണൽ മെസ്സിയെ കോൺമെബോൾ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.പരാഗ്വയിൽ വെച്ച് നടന്ന ചടങ്ങിലാണ് മെസ്സിയെയും അർജന്റീന താരങ്ങളെയും കോൺമെബോൾ ആദരിച്ചത്. ലയണൽ മെസ്സിയുടെ ഒരു പ്രതിമ ഇവർ അനാച്ഛാദനം ചെയ്തിരുന്നു.കോൺമെബോളിന്റെ ആസ്ഥാനത്താണ് ഇനി ഈ പ്രതിമ നിലകൊള്ളുക.

ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം കയ്യിലേന്തി നിൽക്കുന്ന പ്രതിമയാണ് ഇവർ സ്ഥാപിച്ചിട്ടുള്ളത്. രണ്ടേ രണ്ട് പ്രതിമകൾ മാത്രമാണ് കോൺമെബോളിന്റെ ആസ്ഥാനത്തുള്ളത്. ബ്രസീലിയൻ ഇതിഹാസമായ പെലെയുടെയും അർജന്റീന ഇതിഹാസമായ ഡിയഗോ മറഡോണയുടേതുമാണ് ആ പ്രതിമകൾ.ആ കൂട്ടത്തിലേക്കാണ് ഇപ്പോൾ ലയണൽ മെസ്സിയും വന്നു ചേർന്നിരിക്കുന്നത്.

ഏതായാലും തനിക്ക് ലഭിച്ച ഈ ആദരത്തിൽ മെസ്സി നന്ദി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ സ്വപ്നം പോലും കണ്ടിരുന്നില്ല. ഫുട്ബോൾ പരമാവധി ആസ്വദിക്കുക എന്നുള്ളത് മാത്രമായിരുന്നു എന്റെ സ്വപ്നം. പക്ഷേ എനിക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ ഉണ്ട്.എന്റെ കരിയറിൽ ഒരുപാട് നിരാശകളും തോൽവികളും സംഭവിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ എന്റെ സ്വപ്നങ്ങൾക്ക് വേണ്ടിയായിരുന്നു ഞാൻ പോരാടിയിരുന്നത്. ഏറ്റവും മനോഹരമായ കാര്യങ്ങൾ എനിക്കിപ്പോൾ ലഭിച്ചു കഴിഞ്ഞു “ഇതായിരുന്നു മെസ്സി പറഞ്ഞിരുന്നത്.

എന്തായാലും നാളെ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ കുറസാവോയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ഈ മത്സരം നടക്കുക. ലയണൽ മെസ്സി ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!