ലോകത്തിലെ മികച്ച താരം ലെവന്റോസ്ക്കിയാണെന്ന് മുൻ ബയേൺ താരം

നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച താരം റോബർട്ട്‌ ലെവന്റോസ്ക്കിയാണെന്ന് മുൻ ബയേൺ താരം ഓവൻ ഹാർഗ്രീവസ്. കഴിഞ്ഞ ദിവസം ബിട്ടി സ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്. തികച്ചും അണ്ടർറേറ്റഡ് ആയ താരമാണ് ലെവന്റോസ്ക്കിയെന്നും നെയ്മർ, എംബാപ്പെ എന്നീ രണ്ട് താരങ്ങളെക്കാളും കൂടുതൽ മൂല്യം ലെവന്റോസ്ക്കി അർഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷം ബാലൺ ഡിയോർ നൽകുമായിരുന്നെങ്കിൽ അത്‌ ലെവന്റോസ്ക്കിക്ക് അർഹതപ്പെട്ടതായിരുന്നുവെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഈ സീസണിൽ 55 ഗോളുകൾ നേടികൊണ്ട് അപാരഫോമിലാണ് ലെവന്റോസ്ക്കി. ഞായറാഴ്ച നടക്കുന്ന പിഎസ്ജിക്കെതിരായ മത്സരത്തിലെ ബയേണിന്റെ തുറുപ്പുചീട്ട് താരമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഈയൊരു അവസരത്തിലാണ് ഓവൻ നെയ്മർ, എംബാപ്പെ എന്നിവരെ ബന്ധപ്പെടുത്തി കൊണ്ട് ലെവന്റോസ്ക്കിയെ കുറിച്ച് ഇദ്ദേഹം പറഞ്ഞത്.

” വളരെയധികം പ്രതിഭാധനരായ താരങ്ങളാണ് നെയ്മറും എംബാപ്പെയും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അവരുടെ പ്രതിഭ എന്നത് അവരുടെ കൂടപ്പിറപ്പാണ്. പക്ഷെ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ലെവന്റോസ്ക്കിയാണ്. ഈ സീസണിൽ മികച്ച രീതിയിലാണ് അദ്ദേഹം കളിക്കുന്നത്. ഈ സീസണിൽ ഏറ്റവും ഫോമിൽ കളിക്കുന്ന താരവും ലെവന്റോസ്ക്കി തന്നെ. നല്ല പ്രതിഭയുണ്ട്, പെട്ടന്ന് പുരോഗതി കൈവരിക്കണമെന്ന അതിയായ ആഗ്രഹമുണ്ട്, ചെയ്യുന്ന കാര്യത്തോട് ആത്മാർത്ഥ ഉണ്ട്. ഇതെല്ലാം കൂടിച്ചേർന്നതാണ് ലെവന്റോസ്ക്കി. ഈ സീസണിൽ ബാലൺ ഡിയോർ ഉണ്ടായിരുന്നുവെങ്കിൽ അത്‌ അദ്ദേഹം അർഹിക്കുന്നതാണ് ” അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *