എംബപ്പേ ക്ലബ്‌ വിടാനൊരുങ്ങുന്നു,തിളങ്ങാനാവാതെ മെസ്സിയും നെയ്മറും,പിഎസ്ജിക്ക് മുന്നിൽ ഇനിയെന്ത്?

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജി റയലിന് മുന്നിൽ തകർന്നടിഞ്ഞിരുന്നു.രണ്ട് ഗോലുകളുടെ ലീഡ് ഉണ്ടായിട്ട് പോലും മൂന്ന് ഗോളുകൾ വഴങ്ങി കൊണ്ടാണ് പിഎസ്ജി തോൽവി രുചിച്ചത്.ഇതോടെ ചാംപ്യൻസ് ലീഗിൽ നിന്നും പിഎസ്ജി പുറത്തായിരുന്നു.കിരീടഫേവറേറ്റുകളായി എത്തിയ പിഎസ്ജി പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.

വമ്പൻ താരങ്ങൾ ഉണ്ടായിട്ടുപോലും ഇത്തരത്തിലുള്ള ഒരു തോൽവി വഴങ്ങിയതിന് വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ പിഎസ്ജിക്ക് ഏൽക്കേണ്ടി വരുന്നത്.ടീമിനുള്ളിൽ തന്നെ പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.പിഎസ്ജിയുടെ രണ്ട് ഗോളുകളും നേടിയ കിലിയൻ എംബപ്പേയെ മാറ്റിനിർത്തിയാൽ മറ്റെല്ലാ താരങ്ങളും മോശം പ്രകടനമായിരുന്നു.അത്കൊണ്ട് തന്നെ എംബപ്പേ ഒഴികെയുള്ളവർക്ക് വലിയ വിമർശനങ്ങളെയാണ് നേരിടേണ്ടിവരുന്നത്.

ഈയൊരു പുറത്താവലിൽ എംബപ്പേ വലിയ നിരാശയിലാണ്.തന്റെ പരമാവധി താൻ ചെയ്തിട്ടും ടീമിന് മുന്നോട്ടുപോവാനായില്ല എന്നുള്ളത് ഈ നിരാശയുടെ ആഴം വർദ്ധിപ്പിക്കുന്നു. അത് മാത്രമല്ല റയൽ മാഡ്രിഡ് ആരാധകരും താരങ്ങളും വലിയ രൂപത്തിലുള്ള സ്നേഹമാണ് എംബപ്പേയോട് പ്രകടിപ്പിച്ചത്.പിഎസ്ജിയും റയലും തമ്മിലുള്ള വ്യത്യാസം എംബപ്പേക്ക് മനസ്സിലായെന്നും അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിട്ടുകൊണ്ട് റയലിലേക്ക് ചേക്കേറാനുള്ള സാധ്യത വർദ്ധിച്ചു എന്നുമാണ് ഗോൾ ഡോട്ട് കോം കണ്ടെത്തിയിട്ടുള്ളത്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ട നെയ്മർ-മെസ്സി കൂട്ടുകെട്ട് ഇത് വരെ ഫലം കണ്ടിട്ടില്ല.ഇതാണ് പിഎസ്ജിക്ക് ആശങ്ക വർദ്ധിപ്പിക്കുന്ന ഒരു കാര്യം.ഈ സീസണിലുടനീളം പിഎസ്ജി മുന്നോട്ടുപോകുന്നത് എംബപ്പേയുടെ ചിറകിലേറിയാണ്. താരത്തെ നഷ്ടമായാൽ അത് വലിയ തിരിച്ചടിയായിരിക്കും പിഎസ്ജിക്ക്. ഇത്രയും മികച്ച താരങ്ങൾ ഉണ്ടായിട്ടും മുന്നേറാൻ കഴിയാത്തതിൽ പിഎസ്ജി അധികൃതരും കടുത്ത നിരാശയിലാണ്.അത്കൊണ്ട് തന്നെ ഇനി എന്തൊക്കെ മാറ്റങ്ങളാണ് ക്ലബ്ബിൽ വേണ്ടത് എന്നുള്ളതാണ് എല്ലാവരെയും അലട്ടുന്ന വിഷയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!