പ്ലയെർ ഓഫ് ദി വീക്ക്‌ : ഇത്തവണ നെയ്മർക്ക് വെല്ലുവിളിയായി ഡിമരിയയും ലെവന്റോസ്ക്കിയും !

യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ട് സെമി ഫൈനലുകൾക്ക് ഈ ആഴ്ച്ചയിൽ പരിസമാപ്തി കുറിച്ചു. ആദ്യമത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആർബി ലീപ്‌സിഗിനെ തകർത്തു കൊണ്ട് പിഎസ്ജി ഫൈനലിലേക്ക് പ്രവേശിച്ചപ്പോൾ ഇതേ സ്കോറിന് തന്നെ ബയേൺ മ്യൂണിക്ക് ലിയോണിനെ തകർത്തു കൊണ്ട് ഫൈനലിൽ പ്രവേശിച്ചു. ഇരുടീമുകളിലും മികച്ച വ്യക്തിഗത പ്രകടനങ്ങൾ കൂടി കണ്ട മത്സരങ്ങളായിരുന്നു സെമി ഫൈനലുകൾ. ആദ്യമത്സരത്തിൽ ഒരു ഗോളും രണ്ട് അസിസ്റ്റും നേടികൊണ്ട് തിളങ്ങിയ എയ്ഞ്ചൽ ഡിമരിയ ആയിരുന്നുവെങ്കിൽ ഇന്നലത്തെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടികൊണ്ട് തിളങ്ങിയത് സെർജി ഗ്നാബ്രിയാണ്. ഇരുവരെയും കൂടാതെ നെയ്മർ ജൂനിയർ, ലെവന്റോസ്ക്കി എന്നിവരും മികച്ച കളി തന്നെ കാഴ്ച്ചവെച്ചത്.

ഈ നാലു പേര് തന്നെയാണ് ഈ ആഴ്ച്ചയിലെ യുവേഫയുടെ ഏറ്റവും മികച്ച താരത്തിന് വേണ്ടിയുള്ള നേട്ടത്തിനുള്ള ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ച്ചയിലെ ഏറ്റവും മികച്ച താരമായിരുന്നത് നെയ്മർ ജൂനിയർ ആയിരുന്നു. എന്നാൽ നെയ്മർക്ക് ഈ ആഴ്ച്ചയിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവില്ല. ഒരു ഗോളും രണ്ട് അസിസ്റ്റും നേടിയ സഹതാരം ഡിമരിയ മിന്നും പ്രകടനം നടത്തിയിരുന്നു. മറ്റൊരു താരം ലെവന്റോസ്ക്കിയാണ്. ഇന്നലത്തെ മത്സരത്തിൽ ഒരു ഗോൾ ലെവന്റോസ്ക്കി നേടിയിരുന്നു. ലിസ്റ്റിലെ ശേഷിക്കുന്ന താരം ബയേണിന്റെ സെർജി ഗ്നാബ്രിയാണ്. ഇന്നലെ വളരെ നിർണായകമായ രണ്ട് ഗോളുകൾ താരത്തിന്റെ വകയായിരുന്നു. നെയ്മറാവട്ടെ ഒരു അസിസ്റ്റ് മാത്രമാണ് നേടിയത്. ഏതായാലും ആരാധകർക്ക് കൂടി യുവേഫയുടെ വെബ്സൈറ്റ് വഴി വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *