പ്രതിരോധനിരയിൽ ആളില്ല, സിദാൻ പ്രതിസന്ധിയിൽ !

ചാമ്പ്യൻസ് ലീഗിലെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ഇന്റർ മിലാനെ നേരിടാൻ തയ്യാറായിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ചാമ്പ്യൻസ് ലീഗിലെ അവസ്ഥകൾ പരിതാപകാരമാണെങ്കിലും ലാലിഗയിൽ നേടിയ ഉജ്ജ്വലവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് റയൽ ഇന്ന് ബൂട്ടണിയുക. എന്നാൽ പരിശീലകൻ സിദാന് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുന്ന കാര്യം പ്രതിരോധനിരയിൽ ആളില്ല എന്നുള്ളതാണ്. പരിക്കും കോവിഡുമായി മികച്ച താരങ്ങളെയെല്ലാം സിദാന് നഷ്ടപ്പെട്ടിട്ടുണ്. കേവലം നാലു ഫസ്റ്റ് ടീം താരങ്ങളെ മാത്രമാണ് സിദാന് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. നായകൻ സെർജിയോ റാമോസ്, വരാനെ, മെന്റി,മാഴ്‌സെലോ എന്നിവരെ മാത്രമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കൂടാതെ കാസ്റ്റില്ല താരമായ സാന്റോസിനേയും സിദാൻ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റൈറ്റ് ബാക്ക് പൊസിഷനിൽ ആളില്ല എന്നുള്ളതാണ് സിദാൻ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആദ്യ ഇലവനിൽ കളിക്കുന്ന ഡാനി കാർവഹൽ പരിക്ക് മൂലം പുറത്താണ്. താരത്തിന്റെ പകരക്കാരനായി കളിക്കുന്ന അൽവാരോ ഓഡ്രിയോസോളയും പരിക്കേറ്റ് പുറത്താണ്. തുടർന്ന് ആണ് സ്ഥാനത്ത്‌ കളിച്ചിരുന്ന നാച്ചോയും പരിക്കിന്റെ പിടിയിലകപ്പെട്ട് പുറത്തായി. നിലവിൽ മുന്നേറ്റനിര താരമായ ലുക്കാസ് വാസ്‌ക്കസിനെയാണ് സിദാൻ റൈറ്റ് ബാക്ക് പൊസിഷനിൽ ഉപയോഗിക്കുന്നത്. കൂടാതെ ഇന്നലെ മറ്റൊരു ഡിഫൻഡറായ എഡർ മിലിറ്റാവോക്ക് കോവിഡ് സ്ഥിരീകരിച്ചതും സിദാന് തിരിച്ചടിയായി. ചുരുക്കത്തിൽ പ്രതിരോധത്തിൽ ആളെ തികക്കാൻ പാടുപെടുകയാണ് സിദാൻ. മിഡ്‌ഫീൽഡറായ ഒഡീഗാർഡും പരിക്കേറ്റ് വിശ്രമത്തിലാണ്.മെന്റി, റാമോസ്, വരാനെ എന്നിവരൊക്കെ ആദ്യ ഇലവനിൽ ഉണ്ടെങ്കിലും ഇന്റർമിലാനെതിരെ റയൽ ഡിഫൻസിന് വെല്ലുവിളി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *