തന്റെ ആരാധനാപാത്രത്തെ നേരിടാൻ പോവുന്ന ആകാംക്ഷയിൽ ഡേവിസ്, താരത്തിന്റെ സന്ദേശം ഇങ്ങനെ !

കുട്ടിക്കാലം മുതലേ കണ്ടു വളർന്ന, ഇഷ്ടപ്പെട്ടും ആരാധിച്ചും പോന്ന ആ താരത്തെ നേരിടാനുള്ള ഒരുക്കത്തിലാണ് ബയേൺ മ്യൂണിക്കിന്റെ അൽഫോൺസോ ഡേവിസ്. പത്തൊൻപതുകാരനായ താരം ലയണൽ മെസ്സിയുടെ വലിയ ആരാധകനാണ്. എന്നാൽ തന്റെ ആരാധനാപാത്രത്തെ നേരിടാനുള്ള ചുമതലയാണ് താരത്തിൽ അർപ്പിതമായിരിക്കുത്. തനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്നാണ് ഈ കനേഡിയൻ താരം മത്സരത്തിന് മുന്നോടിയായി പറഞ്ഞത്. എന്നാൽ ബയേൺ പ്രസിഡന്റ്‌ ഈ പത്തൊൻപതുകാരനായ താരത്തിൽ പൂർണ്ണവിശ്വാസമുള്ളവനാണ്. മെസ്സിയെ തടയുന്ന കാര്യം ഡേവിസ് നോക്കുമെന്നാണ് അദ്ദേഹം ഉറപ്പ് നൽകിയത്. 2019 ജനുവരിയിൽ ആയിരുന്നു ഈ താരം ബയേണിൽ എത്തിയത്.

മെസ്സിയെ നേരിടുന്നതിനെ കുറിച്ച് ഡേവിസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. ” സത്യത്തിൽ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. എന്റെ സ്വപ്നം സാക്ഷാൽക്കാരമാവുകയാണ്. ഇന്നലെ എന്റെ അമ്മ വിളിച്ചിരുന്നു. പിന്നീട് അച്ഛന് ഫോൺ കൈമാറി. അദ്ദേഹമെന്നോട് ചോദിച്ചു. ഒടുവിൽ നീ നിന്റെ ഇഷ്ടതാരത്തെ നേരിടാൻ പോവുന്നു അല്ലെ? ഞാൻ അതേ എന്ന് പറഞ്ഞു. തുടർന്ന് കുറച്ചു നേരം ഞങ്ങൾ ചിരിച്ചു. യഥാർത്ഥത്തിൽ ഞങ്ങൾക്കിത് ഇപ്പോഴും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കാരണം എന്റെ പിതാവിനറിയാം ഞാൻ മെസ്സിയെ കണ്ടാണ് വളർന്നത്. ഇപ്പോഴിതാ അതേ മെസ്സിയെ തന്നെ നേരിടാൻ പോവുന്നു. ഞാൻ അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ എല്ലാം കണ്ടിട്ടുണ്ട്. അതനുസരിച്ചാണ് പ്രതിരോധിക്കാൻ ഒരുങ്ങുന്നത്. എനിക്കറിയാം അദ്ദേഹം ഒരു മികച്ച താരമാണ് എന്ന്. പക്ഷെ എന്റെ രീതിയിൽ തന്നെ കളിക്കും. ഒന്നിലും മാറ്റം വരുത്താൻ പോവുന്നില്ല. അദ്ദേഹത്തിനെതിരെ ഞാൻ എന്റെ കഴിവിന്റെ പരമാവധി നല്ല പ്രകടനം പുറത്തെടുക്കും ” ഡേവിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *