ആ തോൽവി എന്നെ കരയിപ്പിച്ചു : മൊറീഞ്ഞോ
പ്രിയപ്പെട്ട ടീമുകൾ പരാജയം രുചിക്കുമ്പോൾ സങ്കടം താങ്ങാനാവാതെ കരയുന്നത് ഫുട്ബോളിലെ നിത്യകാഴ്ച്ചകളാണ്. താരങ്ങളും പരിശീലകരും ആരാധകരുമൊക്കെ തങ്ങളുടെ ടീമിന്റെ തോൽവിയിൽ സങ്കടപ്പെട്ട് കണ്ണീർ വാർക്കാറുണ്ട്. അത്തരമൊരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് പരിശീലകനായ ഹോസെ മൊറീഞ്ഞോ. പൊതുവെ ക്ഷുഭിതനായ കാണപ്പെടുന്ന തന്നെ കരയിപ്പിക്കാൻ ആ തോൽവി കഴിഞ്ഞുവെന്നാണ് മൊറീഞ്ഞോയുടെ വെളിപ്പെടുത്തൽ. 2012 ചാമ്പ്യൻസ് ലീഗിലെ സെമി ഫൈനലിൽ ബയേണിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് പുറത്തുപോയപ്പോഴാണ് താൻ നിയന്ത്രണം വിട്ട് കരഞ്ഞതെന്ന് മൊറീഞ്ഞോ പറഞ്ഞു. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ മാർക്കക്ക് നൽകിയ അഭിമുഖത്തിലാണ് തന്നെ ഏറെ വേദനിപ്പിച്ച ആ തോൽവിയെ പറ്റി മൊറീഞ്ഞോ മനസ്സ് തുറന്നത്.
” നിർഭാഗ്യവശാൽ അതായിരുന്നു ഫുട്ബോൾ. ഫുട്ബോളിലെ അതികായകൻമാരായ ക്രിസ്റ്റ്യാനോ റൊണാൾഡോ, കക്ക, റാമോസ് എന്നിവർക്ക് അന്ന് പിഴച്ചു. അവരും മനുഷ്യരാണല്ലോ.. എന്റെ പരിശീലകകരിയറിൽ തോൽവിയെ തുടർന്ന് കരഞ്ഞ ഏകരാത്രിയാണത്. കൂടെ സഹപരിശീലകനായ കരാങ്കയും കരഞ്ഞിരുന്നു. എന്റെ വീടിന് മുന്നിൽ കാറിൽ വെച്ചായിരുന്നു അദ്ദേഹം കരഞ്ഞതെന്ന് എനിക്ക് നന്നായി ഓർമ്മയുണ്ട്. വളരെ ബുദ്ദിമുട്ടേറിയ അനുഭവമായിരുന്നു അത്. എന്തെന്നാൽ ഞങ്ങളുടെ ഏറ്റവും മികച്ച സീസണുകളിലൊന്നായിരുന്നു അത് ” മൊറീഞ്ഞോ പറഞ്ഞു.