PSG – മാഴ്സെ മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ലീഗ് വൺ അധികൃതർ ബുധനാഴ്ച യോഗം ചേരും

വിവാദമായ PSG vs ഒളിംപിക് മാഴ്സെ മത്സരത്തിലെ റെഡ് കാർഡുകളെക്കുറിച്ച് പരിശോധിക്കാൻ ലീഗ് വൺ അധികൃതർ ബുധനാഴ്ച (16/09/20) യോഗം ചെരും. റെഡ്കാർഡുകൾ റിവ്യു ചെയ്ത് താരങ്ങളുടെ സസ്പെൻഷൻ കാലാവധി തീരുമാനിക്കുക, നെയ്മർ ആൽവെരോ ഗോൺസാലസിനെതിരെ ഉന്നയിച്ച വംശീയ അധിക്ഷേപ ആരോപണവും മാഴ്സെ ഏഞ്ചൽ ഡിമരിയക്കെതിരെ ഉന്നയിച്ച ആൽവെരോ ഗോൺസാലസിനെ തുപ്പി എന്ന ആരോപണവും പരിശോധിക്കുക എന്നിവയാണ് ഈ മീറ്റിംഗിൻ്റെ അജണ്ട. മാച്ച് ഒഫീഷ്യലുകളുടെ റിപ്പോർട്ടും ടെലിവിഷൻ ദൃശ്യങ്ങളും പരിശോധിച്ചാവും LFPയുടെ ഡിസിപ്ലിൻ കമ്മിറ്റി തീരുമാനങ്ങൾ കൈകൊള്ളുക. ഫ്രഞ്ച് ലീഗ് വണ്ണിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൻ്റെ അവസാന നിമിഷത്തിലാണ് കയ്യാങ്കളിയെ തുടർന്ന് PSG താരങ്ങളായ നെയ്മർ ജൂനിയർ, ലിയാൺട്രോ പരേഡസ്, ലെയ്വിൻ കുർസാവ എന്നിവർക്കും ഒളിംപിക് മാഴ്സെ താരങ്ങളായ ഡാരിയോ ബെനെഡിറ്റോ, ജോർഡൻ അമാവി എന്നിവർക്കും റഫറി ചുവപ്പ് കാർഡ് കാണിച്ചത്.

10 മത്സരങ്ങൾ സസ്പെൻഷൻ

നെയ്മർ അൽവെരോ ഗോൺസാലസിനെതിരെ ഉന്നയിച്ച വംശീയ അധിക്ഷേപം എന്ന ആരോപണം തെളിഞ്ഞാൽ ഗോൺസാലസിന് പരമാവധി ലഭിക്കാവുന്നത് 10 മത്സരങ്ങളിലെ വിലക്കായിരിക്കും. ഏഞ്ചൽ ഡി മരിയ ഗോൺസാലസിനെ തുപ്പി എന്ന ആരോപണം തെളിഞ്ഞാൽ പരമാവധി 6 മത്സരങ്ങളിൽ നിന്നായിരിക്കും വിലക്കുക. ഈ രണ്ട് ആരോപണങ്ങൾ അന്വേഷിക്കാനും LFP ഒരു കമ്മീഷനെ നിയമിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലീഗ് വൺ അച്ചടക്ക നിയമാവലി അനുസരിച്ച് പരസ്പരം ഏറ്റുമുട്ടിയ കുർസാവക്കും അമാവിക്കും നൽകാവുന്ന പരമാവധി ശിക്ഷ 7 മത്സരങ്ങളിലെ വിലക്കാണ്. ഏതായാലും ഇക്കാര്യത്തിൽ എന്ത് തീരുമാനവും ലീഗ് വൺ അധികൃതർ എടുക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *