PSGക്ക് കനത്ത തിരിച്ചടിയായി എംബപ്പേയുടെ പരിക്ക്

ചാമ്പ്യൻസ് ലീഗിനൊരുങ്ങുന്ന ഫ്രഞ്ച് ക്ലബ്ബ് PSGക്ക് കനത്ത തിരിച്ചടിയായി മാറുകയാണ് അവരുടെ സൂപ്പർ താരം കിലിയൻ എംബപ്പേക്ക് പിണഞ്ഞ പരിക്ക്. ഇന്ന് പുലർച്ചെ നടന്ന കോപ ഡി ഫ്രാൻസിൻ്റെ ഫൈനൽ മത്സരത്തിനിടക്കാണ് താരത്തിൻ്റെ വലത് കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് മുടന്തിക്കൊണ്ട് കളിക്കളം വിട്ട താരം ക്രച്ചസ് ഉപയോഗിച്ചാണ് സമ്മാനദാന ചടങ്ങിനെത്തിയത്. ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തുടങ്ങാനിരിക്കെ എംബപ്പേക്കേറ്റ പരിക്ക് PSGയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്‌ത്തിയിരിക്കുകയാണ്.

സെൻ്റ് എറ്റിനെക്കെതിരെ നടന്ന ഫൈനൽ മത്സരം അര മണിക്കൂർ പിന്നിടും മുമ്പെ എംബപ്പേ പരിക്കേറ്റ് പിൻവാങ്ങിയിരുന്നു. പന്തുമായി കുതിച്ച താരത്തെ സെൻ്റ് എറ്റിനെയുടെ ലോയിച്ച് പെറിൻ മൃഗീയമായി ടാക്കിൾ ചെയ്യുകയായിരുന്നു. കടുത്ത ടാക്കിളിനെ തുടർന്ന് എംബപ്പേയുടെ വലത് കണങ്കാൽ ഉള്ളിലേക്ക് തിരിഞ്ഞുപോയി! PSG മെഡിക്കൽ ടീം മിനുട്ടകൾ എടുത്ത് ചികിത്സ നൽകിയ ശേഷം അദ്ദേഹം മുടന്തിക്കൊണ്ട് കളിക്കളം വിടുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് ഇരു ടീമിലെയും താരങ്ങൾ തമ്മിൽ വാക്കേറ്റവും ചെറിയ കശപിശകളുമുണ്ടായി. പെറിന് ആദ്യം മഞ്ഞക്കാർഡ് നൽകിയ റഫറി പിന്നീട് VAR പരിശോധിച്ച ശേഷം ടാക്കിളിൻ്റെ കാഠിന്യം മനസ്സിലാക്കി റെഡ് കാർഡ് തന്നെ നൽകി അദ്ദേഹത്തെ കളിക്കളത്തിൽ നിന്നും പുറത്താക്കി.

ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കേ എംബപ്പേക്ക് പരിക്കേറ്റത് PSG ക്യാമ്പിൽ ആശങ്ക പരത്തിയിട്ടുണ്ട്. താരത്തിന് എത്ര നാൾ പുറത്തിരിക്കേണ്ടി വരും എന്നത് കൂടുതൽ പരിശോധനകൾക്ക് ശേഷം ഇന്ന് മാത്രമേ അറിയാൻ കഴിയൂ.

Leave a Reply

Your email address will not be published. Required fields are marked *