മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച പത്ത് താരങ്ങൾ

ഫുട്ബോൾ ലോകത്ത് അതികായകൻമാരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. കഴിഞ്ഞ പത്ത് വർഷക്കാലത്തോളമായി ഇരുവരും ചേർന്ന് ഫുട്ബോൾ ലോകം അടക്കി ഭരിക്കാൻ തുടങ്ങിയിട്ട്. പലരും ഈ രണ്ട് പേരിൽ ഒരാളോടൊപ്പം തന്നെ കളിക്കാൻ സാധിക്കുന്നത് ഭാഗ്യമായി വിലയിരുത്താറുണ്ട്. എന്നാൽ രണ്ട് താരങ്ങളോടൊപ്പവും കളിക്കാൻ ഭാഗ്യം ലഭിച്ച ചില അപൂർവതാരങ്ങളുണ്ട്. മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം പന്ത് തട്ടാൻ ഭാഗ്യം ലഭിച്ച പത്ത് പേരെയാണ് ഇതിൽ പരിചയപ്പെടുത്തുന്നത്.

1- ഗബ്രിയേൽ ഹെയിൻസെ. ഇദ്ദേഹം മാഞ്ചെസ്റ്റെർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുണ്ട്. 2005 മുതൽ 2010 വരെ ലയണൽ മെസ്സിക്കൊപ്പം അർജന്റീന ടീമിലും കളിച്ചിട്ടുണ്ട്.

2- ഡെക്കോ. ഇരുവർക്കുമൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ച മറ്റൊരു താരമാണ് ഡെക്കോ. 2004 മുതൽ 2007-08 സീസൺ വരെ താരം മെസ്സിയോടൊപ്പം ബാഴ്സയിൽ കളിച്ചിട്ടുണ്ട്. 2010 വരെ പോർച്ചുഗീസ് ജേഴ്‌സിയിൽ ക്രിസ്റ്റ്യാനോക്കൊപ്പവും കളിച്ചു.

3-ഹെൻറിക്ക് ലാർസെൻ. 2004-ൽ ബാഴ്സയിൽ എത്തിയ ഇദ്ദേഹം മെസ്സിക്കൊപ്പം ബാഴ്സയിൽ കളിച്ചിട്ടുണ്ട്. മെസ്സി പകരക്കാരന്റെ വേഷത്തിൽ ഇറങ്ങുന്ന സമയത്തായിരുന്നു അത്. പിന്നീട് 2007 ജനുവരിയിൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ലോണിൽ എത്തി. മൂന്നോളം മത്സരങ്ങൾ ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കുകയും ചെയ്തു.

4-എസിക്കിയൽ ഗാരെ. 2008-ൽ റയലിൽ എത്തിയ ഇദ്ദേഹം 2011-ലാണ് ടീം വിട്ടത്. ക്രിസ്റ്റ്യാനോ റയലിൽ എത്തിയ ശേഷം അദ്ദേഹത്തോടൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചു. അർജന്റീനക്ക് വേണ്ടി 2015 വരെ ഗാരെ സാന്നിധ്യമറിയിച്ചിരുന്നു. ഈ കാലയളവിൽ മെസ്സിക്കൊപ്പം പന്ത്തട്ടി.

5-ഫെർണാണ്ടോ ഗാഗോ. 2006-ലായിരുന്നു താരം റിവർപ്ലേറ്റിൽ നിന്ന് റയൽ മാഡ്രിഡിലെത്തിയത്. പിന്നീട് റോമയിലേക്ക് ലോണിൽ പോയെങ്കിലും ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അർജന്റീന ടീമിൽ 2014 വരെ ഇടംനേടിയ താരം ഒളിമ്പിക്സ് ഗോൾഡ്മെഡൽ നേടിയ ടീമിൽ മെസ്സിക്കൊപ്പമുണ്ടായിരുന്നു.

6-ഗോൺസാലോ ഹിഗ്വയ്ൻ. ഇരുവർക്കുമൊപ്പം ഒട്ടേറെ കാലം കളിക്കാൻ ഭാഗ്യം ലഭിച്ച താരമാണ് ഹിഗ്വയ്ൻ. റയലിൽ ക്രിസ്റ്റ്യാനോക്കൊപ്പവും അർജന്റീനയിൽ മെസ്സിക്കൊപ്പവും കളിച്ചു.

7-കാർലോസ് ടെവസ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ച ഇദ്ദേഹം അർജന്റീന ജേഴ്സിയിൽ മെസ്സിക്കൊപ്പവും പന്ത് തട്ടി.

8-ഡിമരിയ. റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോക്കൊപ്പവും അർജന്റീനയിൽ മെസ്സിക്കൊപ്പവും കളിച്ചു. ഇപ്പോൾ പിഎസ്ജിയിൽ നെയ്മർക്കൊപ്പവും കളിക്കുന്നു.

9-ജെറാർഡ് പിക്വേ. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മാഞ്ചസ്റ്ററിൽ കളിച്ച ശേഷമാണ് പിക്വേ ബാഴ്സ അക്കാദമിയായ ലാമാസിയയിൽ ചേരുന്നത്. ഇപ്പോൾ മെസ്സിക്കൊപ്പം കളിക്കുന്നു.

10- ആന്ദ്രേ ഗോമസ്. റൊണാൾഡോക്കൊപ്പം പോർച്ചുഗലിൽ കളിച്ച താരം മെസ്സിക്കൊപ്പം ബാഴ്സയിലും കളിച്ചു. ഇത് കൂടാതെ നെൽസൺ സെമെഡോക്കും ഇത്പോലെ ഇരുവർക്കുമൊപ്പം കളിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *