നെയ്മറെക്കാൾ മെസ്സിയെ ഇഷ്ടപ്പെടുന്നവർ ബ്രസീലിൽ ഉണ്ട്!
നെയ്മറേക്കാൾ ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ബ്രസീലിൽ ഉണ്ടെന്നും മെസ്സി വേൾഡ്കപ്പ് നേടുന്നത് കാണാൻ ആഗ്രഹമുണ്ടെന്നും മുൻ ബ്രസീലിയൻ താരം സെ റോബർട്ടോ. TYC സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ക്ലബ്ബ് ഫുട്ബോളിൽ റയൽ മാഡ്രിഡിനും ബയേൺ മ്യൂണിക്കിനും കളിച്ചിട്ടുള്ള സെ റോബർട്ടോ ബ്രസീലിയൻ ദേശിയ ടീമിനായി 84 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിൻ്റെ 2 കോപ്പ അമേരിക്ക വിജയങ്ങളിലും (1997, 1999) രണ്ട് കോൺഫെഡറേഷൻസ് കപ്പ് വിജയങ്ങളിലും (1997, 2005) അദ്ദേഹം പങ്കാളിയായിരുന്നു.
— Mohamed Rafeek Kodiy (@RafeeKodiy) July 31, 2020
മെസ്സിയെക്കുറിച്ച് Tyc സ്പോർട്സിനോട് സെ റോബർട്ടോ പറഞ്ഞതിങ്ങനെ: “മെസ്സി ലോകകപ്പ് നേടിയാൽ എനിക്ക് ഏറെ സന്തോഷമാവും. അതോടെ മെസ്സിക്ക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മാറാം. മെസ്സിയുടെ കരിയറിൽ അദ്ദേഹത്തിന് ലഭിക്കാതെ പോയ ഒരേ ഒരു കിരീടം ഇതാണ്. പെലെക്കും മറഡോണക്കുമൊപ്പം ഫുട്ബോൾ ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സിയും. ബ്രസീലിൽ നെയ്മറേക്കാൾ മെസ്സിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, കാരണം മെസ്സി കളിക്കുന്നത് ബ്രസീലുകാരെ പോലെയാണ്. മെസ്സിയാണോ മറഡോണയാണോ മികച്ച താരം എന്ന് ചോദിച്ചാൽ ഞാൻ പറയും അത് മെസ്സിയാണെന്ന്. മെസ്സിക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. അഞ്ച് തവണയിലധികം അദ്ദേഹം ലോകത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് നമ്മൾ കണ്ടതാണ്. അതുകൊണ്ടാണ് ഞാൻ മെസ്സിയെ തെരഞ്ഞെടുക്കുന്നത്. പത്ത് വർഷത്തിലധികമായി അദ്ദേഹം ഉന്നത നിലവാരത്തിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.”