അർജന്റീനക്ക് സഹായം ചൊരിഞ്ഞ് ലയണൽ മെസ്സി
കോവിഡിനെതിരെ പോരാടാൻ അർജന്റീനക്ക് വീണ്ടും സഹായം ചൊരിഞ്ഞ് സൂപ്പർ താരം ലയണൽ മെസ്സി. ഇന്നലെ ടിവൈസി സ്പോർട്സിനെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷം യുറോയാണ് മെസ്സി അർജന്റീനക്ക് സഹായധനമായി എത്തിച്ചിരിക്കുന്നത്. അർജന്റീനയിലെ ആറോളം ആശുപത്രികൾക്കാണ് മെസ്സിയുടെ ഈ സഹായം ലഭിക്കുക. കോവിഡിനെതിരെ പോരാടാനും ആവിശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങാനുമാണ് മെസ്സി ഈ തുക സംഭാവന ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
താരത്തിന്റെ തന്നെ ഫൌണ്ടേഷനായ മെസ്സി ഫൌണ്ടേഷൻ വഴി അർജന്റീനയിലെ ഗാരഹാൻ ഫൌണ്ടേഷനാണ് ഈ തുക എത്തിക്കുക. പിന്നീട് ഇവർ വഴി അർജന്റീനയിലെ ആറോളം ആശുപത്രികൾക്ക് ഇത് വിതരണം ചെയ്തേക്കും.മുൻപും ബാഴ്സലോണയിലെ ആശുപത്രികൾക്ക് മെസ്സി സഹായമെത്തിച്ചിരുന്നു. കോവിഡ് പ്രതിസന്ധി തുടർന്ന് ലീഗ് മത്സരങ്ങൾ ഉപേക്ഷിച്ച രാജ്യങ്ങളിലൊന്നാണ് അർജന്റീന.