വിടവാങ്ങുന്നത് റയലിന്റെ മികച്ച താരങ്ങളിൽ ഒരാൾ, ബെയ്ൽ ബഹുമാനമർഹിക്കുന്നു !

സൂപ്പർ താരം ഗാരെത് ബെയ്ൽ ഇനി റയൽ മാഡ്രിഡിനോടൊപ്പം ഉണ്ടാവില്ല എന്നുള്ളത് ഏറെക്കുറെ ഉറപ്പായതാണ്. താരം ടോട്ടൻഹാമുമായി ഉടനടി കരാറിൽ ഒപ്പുവെച്ചേക്കും. ഒരു വർഷത്തെ ലോണിൽ ആയിരിക്കും താരം മൊറീഞ്ഞോക്കൊപ്പം ചേരുക. മാത്രമല്ല താരത്തിന്റെ പകുതി സാലറി റയൽ മാഡ്രിഡ്‌ നൽകാമെന്നും സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു തരത്തിലുള്ള ഒഴിവാക്കലാണ് റയൽ മാഡ്രിഡ്‌ നടത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ താരത്തിന്റെ മോശം ഫോമും പരിക്കും മൂലം റയൽ മാഡ്രിഡ്‌ ഏറെ തലവേദന അനുഭവിച്ചിരുന്നു. പക്ഷെ റയൽ മാഡ്രിഡിന്റെ മികച്ച താരങ്ങളിൽ ഒരാളാണ് ക്ലബ് വിടുന്നത് എന്ന് വിസ്മരിക്കാനാവാത്ത ഒന്നാണ്. സമീപകാലത്ത് റയൽ മാഡ്രിഡുമായി അത്ര നല്ല ബന്ധത്തിൽ അല്ലെങ്കിലും ബെയ്ൽ ചെയ്തു തന്നെ സേവനങ്ങൾ റയൽ മാഡ്രിഡ്‌ ഒരിക്കലും മറക്കാൻ പാടുള്ളതല്ല.

ഏഴ് വർഷം റയൽ മാഡ്രിഡിനോടൊപ്പം തുടർന്നതിന് ശേഷമാണ് ബെയ്ൽ കളം വിടുന്നത്. 2013-ൽ റെക്കോർഡ് തുകക്ക് ടീമിൽ എത്തിയ ബെയ്ൽ മിന്നും പ്രകടനം തന്നെയാണ് തുടക്കത്തിൽ പുറത്തെടുത്തത്. ആകെ 251 മത്സരങ്ങളിൽ നിന്ന് 105 ഗോളുകൾ ബെയ്ൽ ഇതുവരെ റയലിനായി നേടിയിട്ടുണ്ട്. റയലിനോടൊപ്പം പതിനാറ് കിരീടനേട്ടങ്ങളിലും താരം പങ്കാളിത്തം വഹിച്ചിട്ടുണ്ട്. നാലു ചാമ്പ്യൻസ് ലീഗ്, മൂന്നു ക്ലബ് വേൾഡ് കപ്പ്, മൂന്നു സൂപ്പർ കോപ ഡി എസ്പ്പാന, രണ്ട് ലാലിഗ, ഒരു കോപ ഡെൽ റേ എന്നിവ റയലിനോടൊപ്പം ബെയ്ൽ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ഫൈനലിൽ ലിവർപൂളിനെതിരെ താരം നേടിയ ഓവർഹെഡ് കിക്ക് ഗോൾ ആരും മറക്കാനിടയില്ല. അന്ന് ബെയ്‌ലിന്റെ സാന്നിധ്യമാണ് റയലിന് കിരീടം നേടികൊടുത്തത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. ഏതായാലും ഓർമ്മിക്കാൻ ഇഷ്ടപ്പെടാത്ത രണ്ട് സീസണുകൾക്ക് ശേഷമാണ് ബെയ്ൽ റയൽ വിടുന്നത്. താരത്തിന് തന്റെ പഴയ ക്ലബ്ബിൽ തിളങ്ങാൻ കഴിയും എന്ന് തന്നെയാണ് റയൽ ആരാധകർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *