നെയ്മറുടെ പ്രസ്താവന, പ്രതികരണമറിയിച്ച് ജോൺ ലപോർട്ട!

സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം ഒരിക്കൽ കൂടി കളിക്കണമെന്നും അടുത്ത വർഷം അതിന് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം സൂപ്പർ താരം നെയ്മർ ജൂനിയർ പ്രസ്താവിച്ചിരുന്നു. ഇതോടെ മെസ്സി പിഎസ്ജിയിലേക്ക് എന്ന വാർത്തകളാണ് ഏറ്റവും കൂടുതൽ പ്രചരിച്ചത്. കൂടാതെ പരേഡസും കൂടി മെസ്സിയെ ക്ഷണിച്ചതോടെ ഊഹാപോഹങ്ങൾ ഏറെ ശക്തി പ്രാപിച്ചു. എന്നാൽ ഇക്കാര്യങ്ങളെ നിരസിച്ചിരിക്കുകയാണ് ബാഴ്സ പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ ജോൺ ലപോർട്ട. പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന ആളുകളിൽ ഒരാളാണ് ലപോർട്ട. നെയ്‌മറുടെ വാക്കുകൾ തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും ടീം വളരുകയാണെന്നും മെസ്സി കാത്തിരിക്കുകയും പുതിയ പ്രസിഡന്റിന്റെ വാഗ്ദാനങ്ങൾ മെസ്സി കേൾക്കുകയും ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ലപോർട്ട അറിയിച്ചു. കാറ്റലൂണിയ റേഡിയോക്ക്‌ നൽകിയ അഭിമുഖത്തിലാണ് ലപോർട്ട ഇക്കാര്യങ്ങളെ കുറിച്ച് പരാമർശിച്ചത്.

” നെയ്മറുടെ വാക്കുകൾ എന്നെ ആശങ്കപ്പെടുത്തുന്നില്ല. ഞാൻ പറയാൻ ഇഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്.ഞാനൊരിക്കലും ടീമിനെ അസ്ഥിരപ്പെടുത്തുന്ന കാര്യം ചെയ്യാൻ പോവുന്നില്ല. ടീം ഇപ്പോൾ വളർന്നു വരികയാണ്. അതിനെ അസ്ഥിരപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് കൃത്യമായി അറിയാം. നെയ്മർ അങ്ങനെ പറഞ്ഞു എന്നുള്ളത് ഒരു സാധാരണ കാര്യമാണ്. കാരണം അവർ സുഹൃത്തുക്കളാണ്. അവർ തമ്മിൽ നല്ല ബന്ധമുണ്ട്. ബാഴ്സയുടെ പുതിയ പ്രസിഡന്റിന്റെ വാഗ്ദാനങ്ങൾ മെസ്സി കാത്തിരുന്നു കൊണ്ട് മനസ്സിലാക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ മെസ്സിയുമായി ബന്ധം പുലർത്താറുണ്ട്. അദ്ദേഹം എന്നെ ബഹുമാനിക്കുന്നു എന്ന കാര്യം എനിക്കറിയാം. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു, ഞങ്ങൾ ഇതുവരെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടില്ല. എല്ലാം വിജയിക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ അഭിലാഷം. അദ്ദേഹം ബാഴ്സയിൽ തന്നെ തുടരണമെന്നാണ് എന്റെ ആഗ്രഹം ” ലപോർട്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *