ലൂയിസ് സുവാരസ് യുവന്റസുമായി കരാറിലെത്തിയതായി സൂചനകൾ !

സൂപ്പർ താരം ലൂയിസ് സുവാരസിന് ഇനി തന്റെ ടീമിൽ ഇടമില്ല എന്ന് ബാഴ്സയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാൻ താരത്തെ അറിയിച്ചിരുന്നു. എന്നിരുന്നാലും താരം ക്ലബ് വിടാനുള്ള വലിയ തോതിലുള്ള ശ്രമങ്ങൾ ഒന്നും നടത്തിയിരുന്നില്ല എന്ന് മാത്രമല്ല ക്ലബ്ബിനോടൊപ്പം മെഡിക്കൽ ടെസ്റ്റ്‌ പാസാവുകയും തുടർന്ന് പരിശീലനത്തിന് എത്തുകയും ചെയ്തിരുന്നു. എന്നിരുന്നാലും താരത്തിന് ബാഴ്സയിൽ ഭാവിയില്ല എന്ന് മനസ്സിലാക്കിയ താരം യുവന്റസുമായി കരാറിൽ എത്തിയതായി സൂചനകൾ ലഭിച്ചു തുടങ്ങി. പ്രമുഖ ഇറ്റാലിയൻ ജേണലിസ്റ്റ് ആയ ഡിമർസിയോയും പ്രമുഖമാധ്യമമായ ഗസറ്റ ഡെല്ലോ സ്പോർട്ടുമാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. യുവന്റസ് സുവാരസുമായി നേരിട്ട് സംസാരിച്ചുവെന്നും ക്ലബ്ബിന്റെയും താരത്തിന്റെയും വ്യക്തിപരമായ നിബന്ധനകൾ ഒക്കെ തന്നെയും ഇരുവരും അംഗീകരിച്ചതുമായാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായേക്കും.

നിലവിൽ ബാഴ്സയിൽ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന അതേ വേതനം തന്നെ യുവന്റസ് സുവാരസിന് ഓഫർ ചെയ്തിട്ടുണ്ട്. പത്ത് മില്യൺ യുറോയാണ് ഒരു വർഷത്തിൽ സുവാരസിന് ബാഴ്സയിൽ ലഭിക്കുന്നത്. ഇതിന് തുല്യമായ തുക തന്നെ താരത്തിന് യുവന്റസും വാഗ്ദാനം ചെയ്തിട്ടുണ്ട്. തുടക്കത്തിൽ ക്ലബ് അധികൃതരും സുവാരസിന്റെ പ്രതിനിധികളും സംസാരിച്ചിരുന്നു. ഇതിന് ശേഷം യുവന്റസ് വൈസ് പ്രസിഡന്റ്‌ സുവാരസിനെ നേരിട്ട് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് സുവാരസ് ഓൾഡ് ലേഡീസിലേക്ക് ചേക്കേറാൻ സമ്മതം അറിയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇന്റർമിയാമി, അയാക്സ്, പിഎസ്ജി, അത്ലറ്റികോ മാഡ്രിഡ്‌ എന്നിവരെ പിന്തള്ളിയാണ് സുവാരസിന്റെ കാര്യത്തിൽ യുവന്റസ് മുൻപന്തിയിൽ എത്തിയിരിക്കുന്നത്. ഈ ട്രാൻസ്ഫർ സംഭവിച്ചാൽ മെസ്സിക്കും ക്രിസ്ത്യാനോ റൊണാൾഡോക്കുമൊപ്പം കളിക്കുന്ന മറ്റൊരു താരമാവാൻ സുവാരസിന് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *