മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഒപ്പമുള്ള പരിശീലന അനുഭവങ്ങൾ പങ്കുവെച്ച് സൂലെ!

ചെറുപ്രായത്തിൽ തന്നെ സൂപ്പർതാരങ്ങളായ ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കുമൊപ്പം പരിശീലനം നടത്താൻ ഭാഗ്യം ലഭിച്ചിട്ടുള്ള താരമാണ് മത്തിയാസ് സൂലെ.പതിനെട്ടുകാരനായ താരം യുവന്റസിന് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്.അതേസമയം അർജന്റീന സീനിയർ ടീമിന്റെ ഭാഗമാവാനും താരത്തിന് സാധിച്ചിരുന്നു. ഇതുവഴിയാണ് ഫുട്ബോൾ ലോകത്തെ രണ്ട് മികച്ച താരങ്ങൾക്കൊപ്പം പരിശീലനം നടത്താൻ സൂലേക്ക് കഴിഞ്ഞത്.

കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റൈൻ സ്‌ക്വാഡിൽ സൂലെ ഇടം നേടിയിരുന്നു.അന്നാണ് മെസ്സിക്കൊപ്പം പരിശീലനം നടത്താൻ സൂലെക്ക് അവസരം ലഭിച്ചത്.അതേ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.

” ഞാനൊരു ലജ്ജയുള്ളവനായിരുന്നു.പക്ഷേ എല്ലാം ആസ്വദിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. മെസ്സിക്കൊപ്പം ഭക്ഷണം കഴിക്കാനും പരിശീലനം നടത്താൻ സാധിച്ചു എന്നുള്ളത് വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യമാണ്.ഒരു ദിവസം പരിശീലനത്തിനിടെ ഞങ്ങൾ രണ്ടു പേരുടെ ടീമായി കളിക്കാൻ തീരുമാനിച്ചു.മെസ്സിയും ഡി പോളുമായിരുന്നു ഒരു ഭാഗത്ത്. മറുഭാഗത്ത് ഞാനും ഗാറ്റോയുമായിരുന്നു. ഞങ്ങൾ പരാജയപ്പെട്ടു. അതൊരു ചെറിയ കാര്യമാണെങ്കിൽ കൂടി ഞാൻ ഒരിക്കലും മറക്കുകയില്ല ” ഇതാണ് സൂലെ പറഞ്ഞിട്ടുള്ളത്.

അതേസമയം ക്രിസ്റ്റ്യാനോക്കൊപ്പം യുവന്റസിൽ വെച്ച് പരിശീലനം നടത്താൻ സൂലെക്ക് സാധിച്ചിരുന്നു. ഇതേ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.

” ഒരു മാസത്തോളം ഞാൻ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്പാനിഷ് പെർഫെക്റ്റായി കൊണ്ട് അദ്ദേഹം സംസാരിക്കും. ഒരുദിവസം ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിച്ചു.രണ്ട് മണിക്കൂറിൽ ഞങ്ങൾ എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി അദ്ദേഹം ഒരുപാട് കാര്യങ്ങൾ എന്നോട് പങ്കു വെച്ചു. കൂടാതെ ചില ഉപദേശങ്ങളും നൽകി.അദ്ദേഹം സ്വയം പരിപാലിക്കുന്നതും ട്രെയിനിങ് ചെയ്യുന്നതുമൊക്കെ അത്ഭുതപ്പെടുത്തുന്നതാണ് ” ഇതാണ് സൂലെ പറഞ്ഞിട്ടുള്ളത്.

ഇതുവരെ അർജന്റീനക്ക് വേണ്ടി കളിക്കാൻ സൂലെക്ക് സാധിച്ചിട്ടില്ല. അതേസമയം യുവന്റസിന് വേണ്ടി ഈ സിരി എയിൽ രണ്ട് മത്സരങ്ങൾ താരം കളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *