ബാഴ്സലോണക്കെതിരെ പിഴവുകൾ വരുത്തി വെക്കരുതെന്ന് നാപോളിക്ക് താരത്തിന്റെ മുന്നറിയിപ്പ്

ബാഴ്സലോണക്കെതിരെ പിഴവുകൾ വരുത്തിവെക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും നാപോളിക്ക് താരത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ സാസുവോളോക്കെതിരായ മത്സരത്തിൽ വിജയിച്ചതിന് ശേഷം DAZN -ന് നൽകിയ അഭിമുഖത്തിലാണ് നാപോളി താരം എൽസെയ്ദ് ഹൈസാജ് തന്റെ സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നാപോളി വിജയിച്ചുവെങ്കിലും ഒട്ടും ആശ്വാസകരമായിരുന്നില്ല. നാല് ഗോളുകളായിരുന്നു സാസുവോളോ അടിച്ചിരുന്നത്. എന്നാൽ നാലും റഫറി അനുവദിക്കാതെ പോവുകയായിരുന്നു. നാലും VAR സംവിധാനത്തിലൂടെ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തുകയായിരുന്നു റഫറി. ഇതാണ് താരം മുന്നറിയിപ്പ് നൽകാൻ കാരണം. ബാഴ്സലോണക്കെതിരെ ഇത്തരത്തിലുള്ള പിഴവുകൾ ശ്രദ്ദിക്കണമെന്നാണ് ഹൈസാജ് പറഞ്ഞത്. മത്സരത്തിലെ ആദ്യഗോൾ താരത്തിന്റെ വകയായിരുന്നു. രണ്ടാം ഗോൾ അലൻ ആണ് നേടിയത്. നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് നാപോളി.

” നാപോളി ജേഴ്സിയിലുള്ള എന്റെ ആദ്യഗോളിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. ആരാധകരുടെ അഭാവത്തിലും ഞങ്ങൾക്കത് ആസ്വദിക്കാൻ സാധിച്ചു. ഈ ഗോൾ എന്റെ കുടുംബത്തിനാണ് ഞാൻ സമർപ്പിക്കുന്നത്. കൂടുതൽ ഗോളുകൾ നേടാനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ ഒരുപാട് പിഴവുകൾ വരുത്തിവെച്ചു. ഭാഗ്യവശാൽ VAR അത് ഓഫ്‌സൈഡ് ആണ് എന്ന് കാണിക്കുകയും ഗോൾ അനുവദിക്കാതിരിക്കുകയും ചെയ്തു. തീർച്ചയായും ഞങ്ങൾ പുരോഗതി പ്രാപിക്കാനുണ്ട്. ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. സാസുവോളോയുടെ അതേ രീതിയിൽ തന്നെയാണ് ബാഴ്സയും കളിക്കുക. തീർച്ചയായും അതിലേറെ ക്വാളിറ്റി കൂടിയ പ്രകടനമായിരിക്കും. അതിനാൽ തന്നെ ഞങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇത്തരം പിഴവുകൾ ഒന്നും തന്നെ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ദിക്കണം ” അൽബേനിയൻ ഇന്റർനാഷണൽ കൂടിയായ താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *