നടക്കാത്ത മത്സരത്തിൽ യുവന്റസിനോട് നാപോളി തോറ്റു, സിരി എ അധികൃതരുടെ തീരുമാനം പുറത്ത് !

ഈ ഒക്ടോബർ നാലിനായിരുന്നു യുവന്റസ് vs നാപോളി മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. സിരി എയിലെ മൂന്നാം റൗണ്ട് പോരാട്ടമായിരുന്ന ഈ മത്സരം യുവന്റസിന്റെ മൈതാനമായ ട്യൂറിനിൽ വെച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ തങ്ങളുടെ രണ്ട് ടീം അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ നാപോളിയുടെ കാര്യങ്ങൾ തകിടം മറിഞ്ഞു. തുടർന്ന് നാപോളിക്ക് യാത്രാവിലക്ക് ലഭിക്കുകയായിരുന്നു. ഇറ്റലിയിലെ ഹെൽത്ത്‌ അതോറിറ്റിയായ എഎസ്എല്ലാണ് നാപോളിക്ക് യാത്രാവിലക്കേർപ്പെടുത്തിയത്.ഇതോടെ മത്സരത്തിന് വേണ്ടി ട്യൂറിനിൽ എത്തിച്ചേരാൻ നാപോളിക്ക് കഴിയാതിരിക്കുകയും മത്സരം നടക്കാതിരിക്കുകയും ചെയ്തിരുന്നു.

മത്സരത്തിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച്, പരിശീലനവും നടത്തിയ യുവന്റസ് തങ്ങളുടെ ഭാഗം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ മത്സരത്തിന്റെ വിധി സിരി എയുടെ അച്ചടക്കകമ്മറ്റി തീരുമാനിച്ചിരിക്കുകയാണ്. മത്സരത്തിൽ നാപോളി തോറ്റതായാണ് കണക്കാക്കിയിരിക്കുന്നത്. യുവന്റസിനോട് മൂന്ന് ഗോളിന്റെ പരാജയം രുചിച്ചതായാണ് രേഖപ്പെടുത്തുക. മാത്രമല്ല നിലവിൽ നാപോളിക്ക് ലഭിച്ച പോയിന്റിൽ നിന്ന് ഒരു പോയിന്റ് സിരി എ അധികൃതർ കുറക്കുകയും ചെയ്യും. അച്ചടക്കലംഘനം നടത്തിയതിനാണ് ഈ ഒരു പോയിന്റ് കുറക്കുക. ഏതായാലും വലിയ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു ഇത്. സിരി എ അധികൃതരുടെ തീരുമാനം ശരിയായില്ല എന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഇതോടെ യുവന്റസിന്റെ പോയിന്റ് സമ്പാദ്യം മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴായി വർധിക്കും. മറുഭാഗത്തുള്ള നാപോളിയുടേത് മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ചായി കുറയുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!