താനും മെസ്സിയും വയസ്സായ ദമ്പതിമാരെ പോലെയെന്ന് സെർജിയോ അഗ്വേറൊ !

അർജന്റൈൻ ദേശീയ ടീമിന് വേണ്ടി ഏറെ കാലമായി ഒരുമിച്ച് കളിക്കുന്ന സൂപ്പർ താരങ്ങളാണ് ലയണൽ മെസ്സിയും സെർജിയോ അഗ്വേറൊയും. ഉറ്റസുഹൃത്തുക്കളായ ഇരുവരും പലപ്പോഴും ഒരുമിച്ചാണ് താമസിക്കാറുള്ളത്. ഇപ്പോഴിതാ മെസ്സിയുമൊത്തുള്ള രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഈ സിറ്റി താരം കൂടിയായ അഗ്വേറൊ. താനും മെസ്സിയും വയസ്സായ ദമ്പതിമാരെ പോലെയാണെന്നും അക്കാര്യത്തെ കുറിച്ച് മെസ്സി എപ്പോഴും പരാതിപ്പെടാറുണ്ടെന്നും അഗ്വേറൊ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം സാന്റോ സബാഡോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഗ്വേറൊ. അർജന്റീനക്ക് വേണ്ടി 2006-ൽ കളിക്കാൻ തുടങ്ങിയ അഗ്വേറൊ ഇതുവരെ 97 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടിയിട്ടുണ്ട്. മെസ്സിയാവട്ടെ ഇതുവരെ 71 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. ഏതായാലും ഇരുവരുടെയും രസകരമായ ബന്ധം അഗ്വേറൊ പങ്കുവെക്കുന്നത് ഇങ്ങനെയാണ്.

” മെസ്സി എപ്പോഴും പരാതിപ്പെടാറുണ്ട്. ഞങ്ങൾ വയസ്സായ ദമ്പതിമാരെ പോലെയാണെന്ന്. ഞാൻ എപ്പോഴും ടിവി മുമ്പിൽ തുറന്നുവെച്ചുകൊണ്ടാണ് ഉറങ്ങുക. പിന്നീട് രാവിലെ ഞാൻ എഴുന്നേറ്റ് കഴിഞ്ഞാൽ മെസ്സി അതിനെ കുറിച്ച് പരാതിപ്പെടും.മെസ്സി ഹോട്ടലിൽ എത്തിയാൽ ഉടൻ തന്നെ കുളിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഞാനാവട്ടെ എന്റെ മൊബൈലും പിടിച്ചോണ്ടിരിക്കും. തുടർന്ന് അദ്ദേഹം എന്നെ ഇടക്കിടക്ക് ഡിന്നറിന് സമയമായെന്നും നമുക്ക് വേഗം പോവേണ്ടതുണ്ടെന്നും ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും ” അഗ്വേറൊ പറഞ്ഞു. നിലവിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുകയാണ് അഗ്വേറൊ. എന്നാൽ മെസ്സിയാവട്ടെ അർജന്റീനയുടെ ദേശീയ ടീമിനൊപ്പമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!