ഡിബാല പ്രീമിയർ ലീഗിലേക്ക്? സ്വന്തമാക്കാൻ വമ്പൻമാർ!

യുവന്റസിന്റെ അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല കഴിഞ്ഞ സീസണോടുകൂടി ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. നിലവിൽ ഡിബാല ഫ്രീ ഏജന്റാണ്. പുതിയ ഒരു ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ് നിലവിൽ താരമുള്ളത്.

ഡിബാല മറ്റൊരു ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനിലേക്ക് ചേക്കേറുമെന്നുള്ളത് ഏറെക്കുറെ ഉറപ്പായ ഒരു സാഹചര്യമുണ്ടായിരുന്നു. എന്നാൽ സൂപ്പർ താരം റൊമേലു ലുക്കാക്കു ഇന്റർമിലാനിലേക്ക് തിരിച്ചെത്തിയതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.ഇതോടെ ഡിബാലയിലുള്ള ഇന്ററിന്റെ താൽപ്പര്യം കുറയുകയായിരുന്നു.

അതുകൊണ്ടുതന്നെ പൗലോ ഡിബാല മറ്റുള്ള ക്ലബ്ബുകളെ ഇപ്പോൾ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. ഇറ്റാലിയൻ ക്ലബ്ബുകളായ എസി മിലാൻ,റോമ, നാപ്പോളി എന്നിവർക്കൊക്കെ താരത്തിൽ താല്പര്യമുണ്ട്. പക്ഷേ നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളെയും പൗലോ ഡിബാല പരിഗണിക്കുന്നുണ്ട്. പ്രമുഖ മാധ്യമമായ സ്കൈ സ്പോർട്ട് ഇറ്റാലിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ്,ടോട്ടൻഹാം എന്നിവർക്ക് ഡിബാലയിൽ താല്പര്യമുണ്ടായിരുന്നു. ഇപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഡിബാലയിൽ താല്പര്യമുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രത്യേകിച്ച് ക്രിസ്ത്യാനോ റൊണാൾഡോ ക്ലബ് വിടുകയാണെങ്കിൽ ആ സ്ഥാനത്തേക്ക് യുണൈറ്റഡ് പൗലോ ഡിബാലയെ കാര്യമായി പരിഗണിച്ചേക്കും.

മുന്നേറ്റ നിരയിലേക്ക് കൂടുതൽ താരങ്ങളെ നിലവിൽ യുണൈറ്റഡിന് ആവശ്യമുണ്ട്. കഴിഞ്ഞ സീസണിൽ വേണ്ടത്ര തിളങ്ങാൻ കഴിഞ്ഞിട്ടില്ലെങ്കിലും പൗലോ ഡിബാല ഇപ്പോഴും മികവേറിയ താരങ്ങളിൽ ഒരാൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!